വാഷിംഗ്ടൺ: ഖത്തർ നൽകിയ ബോയിംഗ് 747 വിമാനത്തിന്റെ പരീക്ഷണ പറക്കലുകൾ പൂർത്തിയായി, ഈ വേനൽക്കാലത്ത് ഔദ്യോഗികമായി അവതരിപ്പിക്കാൻ തയ്യാറായതായി അമേരിക്കൻ വ്യോമസേന അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉപയോഗിക്കുന്നതിനായാണ് ഈ ആഡംബര വിമാനം സജ്ജമാക്കുന്നത്.
നൂറുകണക്കിന് മില്യൺ ഡോളർ വിലമതിക്കുന്ന ഈ വിമാനത്തിന് ആവശ്യമായ മാറ്റങ്ങൾ പൂർത്തിയായതോടൊപ്പം, ഇപ്പോൾ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള പുതിയ പെയിന്റിംഗാണ് നടത്തുന്നത്. വിമാനം പൂർണമായും പ്രവർത്തനക്ഷമമാകുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് വ്യോമസേന വ്യക്തമാക്കി.
2025 മെയിലാണ് ഖത്തർ ഈ വിമാനം അമേരിക്കയ്ക്ക് സമ്മാനമായി നൽകാൻ മുന്നോട്ട് വന്നത്. തുടർന്ന് പ്രതിരോധ സെക്രട്ടറി ജലലേ ഒലഴലെവേ നിയമാനുസൃത നടപടികൾ പാലിച്ചാണ് ഇത് സ്വീകരിച്ചതെന്ന് പെന്റഗൺ അറിയിച്ചു. പ്രസിഡന്റിന്റെ യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, വിദേശ രാജ്യങ്ങളിൽനിന്ന് സർക്കാർ ഉദ്യോഗസ്ഥർ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്ന ഭരണഘടനാ വ്യവസ്ഥയായ Emoluments Clause ലംഘിക്കുന്നതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങൾ ട്രംപ് തള്ളി. വിമാനം സ്വീകരിക്കാതിരിക്കുന്നത് 'മണ്ടത്തരം' ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഏകദേശം 400 മില്യൺ ഡോളറിന്റെ നവീകരണ പ്രവർത്തനങ്ങളാണ് വിമാനത്തിൽ നടത്തിയിരിക്കുന്നത്. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ, പ്രസിഡന്റിന് ആകാശത്തുനിന്ന് തന്നെ ഭരണനടത്താൻ കഴിയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയത്.
അകത്തളങ്ങളിൽ നിന്ന് ഖത്തർ രാജകുടുംബം ഉപയോഗിച്ചിരുന്ന അറബിക് ബോർഡുകളും അലങ്കാരങ്ങളും നീക്കം ചെയ്തു. എന്നാൽ വലിയ ലെതർ സീറ്റുകളും ആഡംബര സൗകര്യങ്ങളും നിലനിർത്തിയിട്ടുണ്ട്. പുറംഭാഗത്തിന്റെ പുതിയ നിറക്രമം ട്രംപ് തന്നെ തെരഞ്ഞെടുത്തതാണെന്നും വ്യോമസേന വ്യക്തമാക്കി.
വിമാനം പ്രവർത്തനത്തിന് തയ്യാറാകുമ്പോഴും, ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ, നൈതിക, സുരക്ഷാ ചോദ്യങ്ങൾ അമേരിക്കയിൽ ചർച്ചയാകുകയാണ്.
ഖത്തറിൽനിന്ന് ട്രംപിന് സമ്മാനമായി ലഭിച്ച ബോയിംഗ് 747 വിമാനത്തിന്റെ പരീക്ഷണ പറക്കൽ പൂർത്തിയായി, വിവാദം തുടരുന്നു
