യുകെ പൊതുതെരഞ്ഞെടുപ്പില്‍ സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍ക്കുമെന്ന് സര്‍വേ

യുകെ പൊതുതെരഞ്ഞെടുപ്പില്‍ സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍ക്കുമെന്ന് സര്‍വേ


ലണ്ടന്‍: യുകെയിലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. ജൂലൈ 4 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പില്‍ റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത പരാജയം നേരിടുമെന്ന് ബുധനാഴ്ച നടന്ന മൂന്ന് പ്രധാന സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ഋഷിസുനക്ക് പോലും പരാജയെപ്പെടുമെന്നാണ് പ്രവചനം.

ഡെയ്ലി ടെലിഗ്രാഫിനായി സാവന്തയും ഇലക്ടറല്‍ കാല്‍ക്കുലസും നടത്തിയ സീറ്റ് ബൈ സീറ്റ് വിശകലനത്തില്‍ അടുത്ത മാസത്തെ വോട്ടെടുപ്പില്‍ വെറും 53 സീറ്റുകള്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടാന്‍ സാധ്യതയുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായാകും പാര്‍ട്ടി ഇത്തരമൊരു തകര്‍ച്ച നേരിടുക. യൂഗോവ് സര്‍വേയില്‍ കണ്‍സരര്‍വേറ്റീവ് പാര്‍ട്ടി 108 സീറ്റുകള്‍ നേടും. ന്യൂസ് ഏജന്റ്‌സ് പോഡ്കാസ്റ്റിനായുള്ള മോര്‍ ഇന്‍ കോമണ്‍ സര്‍വേയില്‍ ഭരണകക്ഷി 155 സീറ്റുകള്‍ നേടുമെന്നും പറയുന്നു.

സുനക്കിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയായിരിക്കും തെരഞ്ഞെടുപ്പ് ഫലവം. സേവനമനുഷ്ഠിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് തോല്‍വിയെന്നത് അപൂര്‍വമാണ്. ടോറി ആര്‍തര്‍ ബാല്‍ഫോറിന് 1906-ല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഒരു മാസത്തിന് ശേഷം സീറ്റ് നഷ്ടപ്പെട്ടതാണ് മുന്‍പുള്ള ചരിത്രം. മൂന്ന് സര്‍വേകളും ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മറിനെ പ്രധാനമന്ത്രിയായി പ്രവചിക്കുന്നു. പ്രതിപക്ഷം 162-200 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് സര്‍വേകള്‍ പറയുന്നു. ലേബര്‍ പാര്‍ട്ടിക്ക് 406 സീറ്റുകള്‍ വരെ ലഭിക്കാം.

ലിബറല്‍ ഡെമോക്രാറ്റുകള്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്നും മൂന്നാം കക്ഷി എന്ന നില വീണ്ടെടുക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ബ്രെക്സിറ്റ് പ്രചാരകനായ നൈജല്‍ ഫാരേജിന്റെ റിഫോം യുകെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ വരെ നേടാം. റിച്ച്മണ്ടിലും നോര്‍ത്തല്ലെര്‍ട്ടണിലും സുനക് 29% വോട്ട് ഷെയറിലേക്ക് വീഴുമെന്നും സാവന്ത സര്‍വേ പറയുന്നു. എന്നാല്‍ മറ്റ് രണ്ട് സര്‍വേകളും പ്രധാനമന്ത്രി തന്റെ സീറ്റ് നിലനിര്‍മെന്നും പറയുന്നു.