വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസ് വിമാനവാഹിനിയായ യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടുന്ന കെയറിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻറ്റ്‌കോം) സ്ഥിരീകരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ആക്രമണ–പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സെൻറ്റ്‌കോം അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്ന അബ്രഹാം ലിങ്കണിൽ നാവികർ പതിവ് പരിപാലന പ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളും സെൻറ്റ്‌കോം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വ്യാഴാഴ്ച, വലിയ നാവികസേനയെ ഇറാൻ ഭാഗത്തേക്ക് നീക്കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് നിർബന്ധമായും വിന്യസിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ അവസാനം തുടങ്ങിയ പ്രതിഷേധങ്ങൾ ഇറാനിൽ വർഷങ്ങളായി ഉണ്ടായിട്ടില്ലാത്ത വലിയ അശാന്തിയിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂട നടപടികളെയും അറസ്റ്റിലായവരെ കൂട്ടത്തോടെ വധിക്കുന്നുവെന്ന റിപ്പോർട്ടുകളെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു.
അതേസമയം, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി ബന്ധപ്പെട്ട നൂർന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനറൽ മുഹമ്മദ് പക്പൂർ വാഷിംഗ്ടണിനോടും ഇസ്രയേലിനോടും 'തന്ത്രപരമായ പിഴവുകൾ ഒഴിവാക്കണം' എന്ന മുന്നറിയിപ്പ് നൽകി. ഇറാൻ റെവല്യൂഷണറി ഗാർഡ് ഉയർന്ന ജാഗ്രതയിലാണ് എന്നും രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തിന്റെ ഉത്തരവുകൾ നടപ്പാക്കാൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
യുഎസോ ഇസ്രയേലോ സൈനിക ആക്രമണം നടത്തിയാൽ മുൻകാല ഏറ്റുമുട്ടലുകളേക്കാൾ ശക്തവും നിർണായകവുമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ റേസ തലൈ-നിക് മുന്നറിയിപ്പ് നൽകി.
