സമയപരിധിയില്ല, ലക്ഷ്യങ്ങളാണ് മുൻപിൽ: യുക്രൈൻ യുദ്ധാവസാനത്തെക്കുറിച്ച് റഷ്യ

സമയപരിധിയില്ല, ലക്ഷ്യങ്ങളാണ് മുൻപിൽ: യുക്രൈൻ യുദ്ധാവസാനത്തെക്കുറിച്ച് റഷ്യ


ക്രെംലിൻ :  യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന സൂചനയുമായി റഷ്യ. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്കിടെ യുദ്ധാവസാനത്തിനുള്ള സമയക്രമത്തെക്കുറിച്ച് ചോദിച്ചപ്പോളാണ്  റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്രോവ്  വ്യക്തമായ മറുപടി നൽകിയത്. 'ഞങ്ങൾ സമയപരിധികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഡെഡ്‌ലൈനുകളില്ല; ലക്ഷ്യങ്ങളാണ് ഉള്ളത്. അവ നടപ്പാക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

റഷ്യൻ പൂർണ്ണാക്രമണത്തിന് നാല് വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് സമാധാന പ്രക്രിയയുടെ നിലവിലെ ഘട്ടത്തെക്കുറിച്ച് വിലയിരുത്തൽ നടത്താൻ ഇതുവരെ സമയം ആയിട്ടില്ലെന്ന് പറഞ്ഞു. 'ഇപ്പോൾ ഏതെങ്കിലും ഘട്ടം നിർവചിക്കാനോ പ്രവചിക്കാനോ ശ്രമിക്കുന്നത് വലിയ പിഴവായിരിക്കും,' എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച വേണമെന്ന് കീവ് ആവർത്തിച്ചു. ജനീവയിൽ ചർച്ചകൾ തുടരുകയാണെന്നും അമേരിക്കൻ പ്രതിനിധികളുമായി ദ്വിപക്ഷ യോഗം ആരംഭിച്ചിട്ടുണ്ടെന്നും യുക്രൈൻ പ്രതിനിധി റുസ്തം ഉമെറോവ് അറിയിച്ചു.

റഷ്യൻ പ്രതിനിധിയായ കിരിൽ ദിമിത്രിയെവും ജനീവിലെത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ യുക്രൈൻ സംഘവുമായി കൂടിക്കാഴ്ച ഉണ്ടാകുമോയെന്ന് വ്യക്തതയില്ല. അമേരിക്കയുമായി സാമ്പത്തിക വിഷയങ്ങളിൽ ചർച്ചകൾ നടത്താനാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

തുടർച്ചയായ നയതന്ത്ര നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും യുദ്ധം അവസാനിക്കുന്നതിനുള്ള വ്യക്തമായ സമയരേഖ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലാണ് ശ്രദ്ധയെന്ന് റഷ്യ വ്യക്തമാക്കിയിരിക്കെ, സമാധാന ശ്രമങ്ങൾ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.