കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെഫ്രെഡെറിക്‌സണ്‍ മാര്‍ച്ച് 24-ന് സ്‌നാപ് പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡാനിഷ് അധീന പ്രദേശമായ ഗ്രീന്‍ലാന്റ് സ്വന്തമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങളെ ശക്തമായി ചെറുത്തതിനെ തുടര്‍ന്ന് അവരുടെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഇത് നിര്‍ണായക തിരഞ്ഞെടുപ്പായിരിക്കുമെന്നും അടുത്ത നാല് വര്‍ഷങ്ങളില്‍ ഡാനിഷ് ജനങ്ങളും യൂറോപ്യന്‍ സമൂഹവും സ്വന്തം കാലില്‍ നില്‍ക്കേണ്ടിവരുമെന്നും ഫ്രെഡറിക്‌സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ്, ഫാറോ അയലന്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഡാനിഷ് രാജത്വത്തെ സൂചിപ്പിച്ച് അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്നും യൂറോപ്പില്‍ ഐക്യം ഉറപ്പാക്കണമെന്നും നമ്മുടെ ഭൂഖണ്ഡത്തിലെ സമാധാനം ഉറപ്പാക്കാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
ഡെന്‍മാര്‍ക്കില്‍ പൊതുതിരഞ്ഞെടുപ്പ് നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുമെങ്കിലും പ്രധാനമന്ത്രിക്ക് ഏത് സമയത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ ഡാനിഷ് രാഷ്ട്രീയത്തില്‍ ആധിപത്യം സൃഷ്ടിച്ചത് ട്രംപ് ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തുമെന്ന ഭീഷണികളായിരുന്നു. ആര്‍ക്ടിക് മേഖലയിലെ തന്ത്രപ്രധാന സ്ഥാനം കാരണം റഷ്യയുടെയും ചൈനയുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെ പ്രതിരോധത്തിന് ഗ്രീന്‍ലാന്‍ഡ് അനിവാര്യമാണെന്നാണ് ട്രംപ് വാദിച്ചത്.
എന്നാല്‍ കഴിഞ്ഞ മാസം നേറ്റോ സഖ്യരാജ്യമായ ഡെന്‍മാര്‍ക്കിനെതിരെ ബലം പ്രയോഗിക്കുമെന്ന ഭീഷണി ട്രംപ് പിന്‍വലിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള അമേരിക്കന്‍ സൈനിക താവളത്തില്‍ 100ലധികം അമേരിക്കന്‍ സൈനികര്‍ സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ അമേരിക്ക പ്രവര്‍ത്തിപ്പിക്കുന്ന ഈ താവളത്തില്‍, നിലവിലുള്ള കരാറുകള്‍ പ്രകാരം, അമേരിക്കയ്ക്ക് ആവശ്യത്തിന് സൈനികരെ വിന്യസിക്കാം.
യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെ പിന്തുണയോടെ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും അമേരിക്കക്ക് സ്വാധീനാവകാശം കൈമാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷയാണ് ഡാനിഷ് രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും തുടര്‍ന്നും അങ്ങനെതന്നെയായിരിക്കുമെന്നും ഫ്രെഡറിക്‌സന്‍ പറഞ്ഞു. താന്‍ വീണ്ടും പ്രധാനമന്ത്രിയാകുമോ എന്നത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയെ ആശ്രയിച്ചിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, പ്രതിരോധമന്ത്രി ട്രോല്‍സ് ലണ്ട പൗള്‍സണ്‍ നയിക്കുന്ന ലിബറല്‍ പാര്‍ട്ടി, വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസന്‍ നയിക്കുന്ന മോഡറേറ്റ്‌സ് എന്നിവ ചേര്‍ന്നുള്ള കൂട്ടുകക്ഷിയാണ് ഡാനിഷ് സര്‍ക്കാര്‍ ഇപ്പോള്‍ ഭരിക്കുന്നത്.
