വാഷിംഗ്ടണ്‍: കുടിയേറ്റക്കാരുടെ നാടെന്നറിയപ്പെട്ടിരുന്ന യു എസ് ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് കുടിയേറിപ്പോകുന്നവരുടെ നാടായി മാറുന്നു. കഴിഞ്ഞ വര്‍ഷം, മഹാമന്ദ്യകാലത്തിനു ശേഷം ആദ്യമായി, രാജ്യത്തേക്ക് എത്തിയവരെക്കാള്‍ കൂടുതല്‍ പേര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പലരുടേയും രാജ്യം വിടലിനെ ട്രംപ് ഭരണകൂടം വിശേഷിപ്പിക്കുന്നത് ഡിപോര്‍ട്ടേഷനെന്നും കര്‍ശന വിസ നിയന്ത്രണങ്ങളുടെ ഫലമെന്നുമൊക്കെയാണ്. ഭരണകൂടം കുടിയേറ്റ നിയന്ത്രണ നടപടികളെ കുറിച്ച് അഭിമാനത്തോടെ പറയുമ്പോഴും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പ്രവണതയും നടക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ തന്നെ സ്വന്തം രാജ്യം വിടുന്നതാണ് അവസ്ഥ. അമേരിക്കന്‍ പൗരന്മാര്‍ കൂടുതല്‍ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ രാജ്യങ്ങളിലേക്കാണ് ഇറങ്ങിപ്പോക്ക് നടത്തുന്നത്.
ബ്രൂകിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ കണക്കുകള്‍ പ്രകാരം 2025-ല്‍ ഏകദേശം ഒന്നര ലക്ഷം പേരുടെ നഷ്ടമാണ് യു എസ് നേരിട്ടത്. 2026-ല്‍ ഇത് കൂടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ഔദ്യോഗിക കണക്കുകള്‍ രാജ്യം വിടുന്നവരുടെ എണ്ണം പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ബ്രൂക്കിംഗ്‌സ് വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ യു എസിലേക്കുള്ള കുടിയേറ്റം 2.6 മുതല്‍ 2.7 മില്യണ്‍ വരെയായി കുറഞ്ഞു. 2023-ല്‍ ഇത് ഏകദേശം 6 മില്യണ്‍ ആയിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 6.75 ലക്ഷം പേരാണ് നാടുകടത്തലിന് വിധേയരായത്. 22 ലക്ഷം പേരാണ് സ്വയം നാടുവിട്ടത്. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ കുറഞ്ഞ ചെലവിലുള്ള വിദേശ സര്‍വകലാശാലകളില്‍ ചേര്‍ന്നിട്ടുണ്ട്. മെക്‌സിക്കോ അതിര്‍ത്തിക്ക് സമീപമുള്ള നഴ്‌സിംഗ് ഹോമുകളില്‍ കുറഞ്ഞ ചെലവിലുള്ള പരിചരണത്തിനായി അമേരിക്കന്‍ മുതിര്‍ന്ന പൗരന്മാര്‍ എത്തുന്നതും വര്‍ധിച്ചുവരുന്നു.
യു എസിന് പുറത്തു താമസിക്കുന്ന അമേരിക്കക്കാരുടെ കൃത്യമായ എണ്ണം വ്യക്തമാക്കുന്ന ഡേറ്റാസെറ്റ് നിലവിലില്ല. 40 ലക്ഷം മുതല്‍ 90 ലക്ഷം വരെ ആളുകള്‍ വിദേശത്ത് താമസിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022-ല്‍ 16 ലക്ഷം അമേരിക്കക്കാര്‍ മെക്‌സിക്കോയില്‍ താമസിക്കുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കിയിരുന്നു. കാനഡയില്‍ രണ്ടര ലക്ഷത്തിലധികം പേരുണ്ടെങ്കിലും ഇരട്ട പൗരത്വമുള്ളവരുടെ എണ്ണം ഇതില്‍ പൂര്‍ണമായി ഉള്‍പ്പെടുന്നില്ല. യു കെയില്‍ മൂന്നേകാല്‍ ലക്ഷത്തിലധികം അമേരിക്കക്കാര്‍ താമസിക്കുന്നു. യൂറോപ്പില്‍ ആകെ 15 ലക്ഷത്തിലധികം പേരുണ്ടെന്ന് പാരീസിലെ അസോസിയേഷന്‍ ഓഫ് അമേരിക്കന്‍സ് റെസിഡന്റ് ഓവര്‍സീസ് വ്യക്തമാക്കുന്നു.
യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ ഭൂരിഭാഗത്തിലും താമസത്തിനും ജോലിക്കുമായി എത്തുന്ന അമേരിക്കക്കാരുടെ എണ്ണം റെക്കോര്‍ഡ് നിലയിലാണെന്നും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോര്‍ച്ചുഗലില്‍ കോവിഡ് മഹാമാരിക്ക് ശേഷം അമേരിക്കക്കാരുടെ എണ്ണം 500 ശതമാനത്തിലധികം ഉയര്‍ന്നു. 2024-ല്‍ മാത്രം 36 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്‌പെയിന്‍, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ അമേരിക്കന്‍ താമസക്കാരുടെ എണ്ണം ഇരട്ടിയായി. ചെക്ക് റിപ്പബ്ലിക്കില്‍ അതിലേറെ വര്‍ധനയുണ്ടായി.
കഴിഞ്ഞ വര്‍ഷം ജര്‍മനിയിലേക്ക് കുടിയേറിയ അമേരിക്കക്കാരുടെ എണ്ണം അമേരിക്കയിലേക്ക് കുടിയേറിയ ജര്‍മന്‍ പൗരന്മാരെക്കാള്‍ കൂടുതലായിരുന്നു. അയര്‍ലാന്റ് 2025ല്‍ 10,000 അമേരിക്കക്കാരെ സ്വീകരിച്ചു. 2024ലെ എണ്ണം അപേക്ഷിച്ച് ഏകദേശം ഇരട്ടിയാണ് ഇത്.
സാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസ ചെലവ്, ആരോഗ്യപരിചരണ സൗകര്യം, സാമൂഹിക സ്ഥിരത എന്നിവ പരിഗണിച്ചാണ് പലരും വിദേശത്തേക്ക് മാറുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കുടിയേറ്റക്കാരുടെ നാടെന്നറിയപ്പെട്ടിരുന്ന അമേരിക്കയില്‍ നിന്നുള്ള ഈ പുതിയ പ്രവണത ഭാവിയിലേയ്ക്കുള്ള ജനസംഖ്യാ- സാമ്പത്തിക ചര്‍ച്ചകള്‍ക്ക് വഴിതെളിയിക്കുകയാണ്.
