ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ 26 എന്ന ചിത്രത്തിന്റെ കഥയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ വീട്ടുജോലിക്കാരി വ്യാജ ഇ ഡി റെയ്ഡ് നടത്തി ലക്ഷങ്ങള്‍ വിലവരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നതായി ആരോപണം. പിന്നാലെ വീട്ടുജോലിക്കാരി രേഖാ ദേവിയും സഹോദര ഭാര്യ പൂജാ രാജ്പുത്തും പൊലീസ് കസ്റ്റഡിയിലായി. ഇതില്‍ പങ്കുണ്ടെന്നു സംശയത്തില്‍ മൂന്ന് പുരുഷ പ്രതികള്‍ ഒളിവില്‍ പോയി. പുരുഷന്മാരില്‍ ഒരാള്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് കോണ്‍സ്റ്റബിളും മറ്റൊരാള്‍ മുന്‍ സൈനികനുമാണ്.
ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ 86കാരനായ ആര്‍ക്കിടെക്ട് ആര്‍ സി സബര്‍വാളിന്റെ വീട്ടിലാണ് സംഭവം. ഈ മാസം ആദ്യം പൊലീസ് യൂണിഫോമില്‍ എത്തിയ മൂന്ന് പേര്‍ തങ്ങള്‍ ഇ ഡി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പരിശോധന നടത്തുന്നതായി അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് അവരെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം വീടുമുഴുവന്‍ പരിശോധന നടത്തിയെന്നാണ് പരാതി. ഇതിനിടെ സബര്‍വാളിന്റെ കൊച്ചുമകന്‍ ഇടപെട്ടതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏകദേശം മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെ പണവും ഏഴ് ആഡംബര വാച്ചുകളും പ്രതികള്‍ കൈക്കലാക്കിയതായി കണക്കാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. 350ലധികം സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍, സ്വകാര്യ സുരക്ഷാ സംവിധാനങ്ങള്‍, നഗര നിരീക്ഷണ ശൃംഖല, ട്രാഫിക് ക്യാമറകള്‍ എന്നിവ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞത്.
കുറ്റകൃത്യം നടന്ന സ്ഥലത്തും വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തും സജീവമായിരുന്ന മൊബൈല്‍ നമ്പറുകള്‍ വിശകലനം ചെയ്ത പൊലീസ് ഗാസിയാബാദിലുള്ള പൂജാ രാജ്പുത്തിന്റെ വീട്ടിലേക്കാണ് സൂചനകള്‍ കണ്ടെത്തിയത്. രേഖാ ദേവി ഈ വിലാസത്തില്‍ പതിവായി എത്താറുണ്ടെന്ന വിവരവും പൊലീസ് സ്ഥിരീകരിച്ചു.
രാജ്പുത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഐ ടി ബി പി ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്ക് യൂണിഫോം, വ്യാജ ഐ ഡി കാര്‍ഡുകള്‍, വയര്‍ലെസ് ഉപകരണം, കാലാവധി കഴിഞ്ഞ ലൈസന്‍സുള്ള പിസ്റ്റള്‍ എന്നിവ ഉള്‍പ്പെടെ വ്യാജ റെയ്ഡിനായി ഉപയോഗിച്ച സാമഗ്രികള്‍ പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ആഭരണങ്ങളും ഏഴ് ആഡംബര വാച്ചുകളും പിടിച്ചെടുത്തു.
40കാരിയായ രേഖാ ദേവിയാണ് വ്യാജ റെയ്ഡിന്റെ മുഖ്യ സൂത്രധാരിയെന്ന് പൊലീസ് അറിയിച്ചു. പൂജാ രാജ്പുത്തിനെയും സഹപ്രതിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒളിവിലുള്ള ഐ ടി ബി പി കോണ്‍സ്റ്റബിള്‍ പ്രകാശ്, മനീഷ്, മുന്‍ സൈനികന്‍ ഉപദേശ് സിംഗ് താപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ബലേനോ കാര്‍ താപയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു പ്രതികളെ പിടികൂടാനും മോഷണ സാധനങ്ങള്‍ പൂര്‍ണ്ണമായി വീണ്ടെടുക്കാനും പൊലീസ് അന്വേഷണം തുടരുകയാണ്.
