പ്യോംഗ്യാങ് : അമേരിക്കയുമായി വീണ്ടും സൗഹൃദബന്ധം സ്ഥാപിക്കാമെന്ന സൂചന നൽകി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. എന്നാൽ ഉത്തരകൊറിയയുടെ ആണവശക്തി പദവി അംഗീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ നിർദ്ദേശം. അതേസമയം, ദക്ഷിണ കൊറിയയോടുള്ള വൈരാഗ്യം തുടരുമെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
പാർട്ടി കോൺഗ്രസ് സമാപന വേളയിൽ നടത്തിയ പ്രസംഗത്തിൽ, അമേരിക്ക ഉത്തരകൊറിയയുടെ ഭരണഘടനയിൽ വ്യക്തമാക്കിയിരിക്കുന്ന ആണവായുധ രാഷ്ട്ര പദവി അംഗീകരിക്കുകയും വൈരനയം ഉപേക്ഷിക്കുകയും ചെയ്താൽ ഇരുരാജ്യങ്ങളും 'സൗഹൃദത്തോടെ സഹവസിക്കാനാകില്ലെന്നതിന് കാരണമില്ല' എന്ന് കിം ജോങ് ഉൻ വ്യക്തമാക്കി. വാഷിംഗ്ടൺ തങ്ങളുടെ നിലവിലെ പദവിയെ ബഹുമാനിക്കുകയാണെങ്കിൽ സഹകരണം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ചൈന സന്ദർശിക്കാനിരിക്കെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന അനുമാനങ്ങൾക്കിടെയാണ് ഈ പ്രസ്താവന. മുമ്പ് ഉത്തരകൊറിയയുമായി ചർച്ചയ്ക്കു താൻ 'നൂറുശതമാനം തയ്യാറാണ്' എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയെ 'ഒരു തരത്തിലുള്ള ആണവശക്തി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
2019ൽ വിയറ്റ്‌നാമിലെ ഹാനോയിയിൽ നടന്ന ട്രംപ്-കിം കൂടിക്കാഴ്ച ധാരണയില്ലാതെ അവസാനിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം മുടങ്ങിയിരുന്നു. ആണവനിരായുധീകരണത്തിന് പകരമായി ഉപരോധ ഇളവുകൾ നൽകുന്നതിൽ യോജിപ്പ് ഉണ്ടാകാതിരുന്നതാണ് ചർച്ചകൾ നിലച്ചതിന് കാരണം.
അമേരിക്കയോടുള്ള സമീപനത്തിൽ ഇളവുകൾ സൂചിപ്പിച്ചെങ്കിലും, ദക്ഷിണ കൊറിയക്കെതിരെ കിം കടുത്ത ഭാഷയാണ് ഉപയോഗിച്ചത്. സിയോളിനെ ഇനി 'സഹോദരരാജ്യം' എന്ന നിലയിൽ പരിഗണിക്കില്ലെന്നും, അത് ഉത്തരകൊറിയയുടെ 'ഏറ്റവും വൈരിയായ ശത്രു' ആണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയുമായി ഇടപെടാനുള്ള യാതൊരു ആവശ്യവും ഇല്ലെന്നും കിം വ്യക്തമാക്കി.
2024ൽ ഭരണഘടന ഭേദഗതി ചെയ്ത് ദക്ഷിണ കൊറിയയെ ഔദ്യോഗികമായി 'വൈരരാജ്യം' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഈ നിലപാട് കൂടുതൽ ശക്തമാകുന്നത്. ദീർഘകാലമായി നിലനിന്നിരുന്ന ഐക്യത്തിന്റെ ആശയം ഉപേക്ഷിച്ചുകൊണ്ടുള്ള വലിയ മാറ്റമായിരുന്നു അത്.
ഇതോടെ, അമേരിക്കയുമായി വീണ്ടും സംഭാഷണത്തിന് വാതിൽ തുറന്നെങ്കിലും, കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ തുടരാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അമേരിക്കയുമായി 'സൗഹൃദം' സാധ്യമെന്ന് കിം; ദക്ഷിണ കൊറിയക്കെതിരെ കടുത്ത നിലപാട് തുടരും
