ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ ചെക്ക്‌പോസ്റ്റിന് സമീപം ചാവേര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡേര ഇസ്മായില്‍ ഖാനും പഞ്ചാബും ബന്ധിപ്പിക്കുന്ന പാലത്തിനടുത്തുള്ള ചെക്ക്‌പോസ്റ്റിലാണ് സ്‌ഫോടനം നടന്നത്.
ചെക്ക് പോസ്റ്റിന് സമീപമെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ കറുത്ത ഷാള്‍ ധരിച്ച് വേഗത്തില്‍ ചെക്ക് പോസ്റ്റിനടുത്തേക്ക് വരുന്നയാളെ കാണാമെന്നും ഭക്കര്‍ ജില്ലാ പൊലീസ് ഓഫീസര്‍ ഷഹ്‌സാദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
അതേ ദിവസം തന്നെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കോഹാട്ട് ജില്ലയില്‍ പൊലീസ് വാഹനത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ ഡേര ഇസ്മായില്‍ ഖാനും ഭക്കര്‍ ജില്ലയിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഖൈബര്‍ പഖ്തുന്‍ഖ്വയും പഞ്ചാബും ബന്ധിപ്പിക്കുന്ന പ്രധാന പാത ബുധനാഴ്ച അടച്ചിരുന്നു. ഡേര ദര്യാ ഖാന്‍ പാലത്തിന് സമീപം ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ച് പരിസരപ്രദേശങ്ങളില്‍ വ്യാപക പരിശോധന ആരംഭിച്ചു.
പാകിസ്ഥാനുമായി ബന്ധപ്പെട്ട ഇത്തിഹാദുല്‍ മുജാഹിദീന്‍ അന്‍സാര്‍ അല്‍ ഇസ്ലാം പാകിസ്ഥാന്‍ എന്ന അപരിചിത തീവ്രവാദസംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അബു ദര്‍ദ എന്ന ചാവേറാണ് സ്‌ഫോടനം നടത്തിയതെന്ന് സംഘം പ്രസ്താവിച്ചു.
അടുത്തകാലത്തായി പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് ഭരണകൂടം ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനി താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാന്‍ പാകിസ്ഥാനേയും (ടിടിപി)യെയും നിരോധിത ബലൂച് ഗ്രൂപ്പുകളെയും കുറ്റപ്പെടുത്തുന്നു.
മുഹമ്മദ് ഫഹീം, മുഹമ്മദ് ഷെഹ്ബാസ് എന്നീ പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കോഹാട്ടില്‍ അക്രമികള്‍ പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിക്കുകയായിരുന്നു. അഞ്ച് പൊലീസുകാരെ വെടിവെച്ച് കൊന്ന ശേഷം അവരുടെ വാഹനം കത്തിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പരിക്കേറ്റ രണ്ട് സാധാരണ പൗരന്മാരും മരിച്ചു.
ശനിയാഴ്ച പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതായി അറിയിച്ചു. പാകിസ്ഥാനില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്ലാമാബാദ് പറഞ്ഞു. അതേസമയം, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആക്രമി സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നതായി പാകിസ്ഥാന്‍ ആരോപിക്കുന്നതിനെ കാബൂള്‍ നിഷേധിച്ചു.
