ന്യൂഡല്‍ഹി: കഴഞ്ഞ വര്‍ഷം നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഭീകരസംഘടനയായ അന്‍സാര്‍ ഗസ്വതുല്‍ ഹിന്ദുമായി (എ ജി എച്ച്) ബന്ധമുള്ള രണ്ട് 'ഓവര്‍ഗ്രൗണ്ട് വര്‍ക്കര്‍മാരെ ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച അറസ്റ്റ് ചെയ്തു. പ്രധാന പ്രതിക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതായാണ് എന്‍ഐഎ ആരോപണം.
ഗാന്‍ഡര്‍ബല്‍ സ്വദേശിയായ സമീര്‍ അഹമ്മദ് അഹംഗര്‍, ശ്രീനഗര്‍ സ്വദേശിയായ തുഫൈല്‍ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ ഡല്‍ഹി സ്‌ഫോടനക്കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 11 ആയി. സ്‌ഫോടനത്തില്‍ പ്രധാന പ്രതിയായ ഉമര്‍ ഉന്‍ നബി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നവംബര്‍ 10 വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്നത് പുല്‍വാമ സ്വദേശിയും ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഉമര്‍ ഉന്‍ നബിയാണെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു-കശ്മീര്‍ പൊലീസ്, ഹരിയാന പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചു. ആയുധ- വെടിയുണ്ട ശേഖരണം ഉള്‍പ്പെടെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാനുദ്ദേശിച്ച ആയുധങ്ങള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് എന്‍ ഐ എ വ്യക്തമാക്കി.
എന്‍ ഐ എയുടെ വിവരമനുസരിച്ച് ഉമര്‍ ഉന്‍ നബി, സഹപ്രതികളായ മുസമ്മില്‍ ഗണായി, ഷഹീന്‍ സയീദ്, മുഫ്തി ഇര്‍ഫാന്‍, ആദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരോടൊപ്പം സ്‌ഫോടന ഗൂഢാലോചന ആസൂത്രണം ചെയ്തതായി കണ്ടെത്തി. ഇവര്‍ക്കു അഭയം, ലോജിസ്റ്റിക് സഹായം നല്‍കിയ അഞ്ച് പേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ മുമ്പ് ജമ്മു-കശ്മീരിലും ഹരിയാനയിലുമുള്ള വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
