വാഷിംഗ്ടൺ: ഇറാന്റെ അനധികൃത പെട്രോളിയം വിൽപ്പനക്കും ആയുധ നിർമ്മാണ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയെന്നാരോപിച്ച് 30ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നടപടി വ്യക്തമാക്കിയത്.
യുഎസ് ട്രംഷറി വകുപ്പിനു കീഴിലുള്ള വിദേശ വസ്തു നിയന്ത്രണ ഓഫീസ് ആണ് നടപടി കൈക്കൊണ്ടത്. ഇറാന്റെ 'ഷാഡോ ഫ്ളീറ്റ്' എന്നറിയപ്പെടുന്ന രഹസ്യ കപ്പൽ ശൃംഖലയിലെ കപ്പലുകളെയും അവയുടെ ഉടമകളെയും ഓപ്പറേറ്റർമാരെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അധികൃതർ അറിയിച്ചു.
ഇറാന്റെ അനധികൃത എണ്ണവിൽപ്പന, ബാലിസ്റ്റിക് മിസൈൽ വികസനം, പുരോഗമന-പരമ്പരാഗത ആയുധ നിർമാണം എന്നിവയ്ക്ക് പിന്തുണ നൽകിയവർക്കെതിരെയാണ് നടപടി. കൂടാതെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും പ്രതിരോധ സായുധസേന ലോജിസ്റ്റിക്സ് മന്ത്രാലയത്തിനും ആവശ്യമായ അസംസ്കൃത രാസവസ്തുക്കളും അതിസൂക്ഷ്മ യന്ത്രോപകരണങ്ങളും സമാഹരിക്കാൻ സഹായിച്ച ശൃംഖലകളെയും ലക്ഷ്യമിട്ടതായി ട്രഷറി വകുപ്പ് വ്യക്തമാക്കി.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാനെതിരെ പരമാവധി സമ്മർദനയം തുടരുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. 'ഇറാൻ അനധികൃതമായി എണ്ണ വിറ്റ് ലഭിക്കുന്ന പണം സാമ്പത്തിവ്യവസ്ഥകളിലൂടെ വെളുപ്പിക്കുകയും ആണവപരമ്പരാഗത ആയുധ പദ്ധതികൾക്കും ഭീകരസംഘടനകൾക്കും പിന്തുണ നൽകുകയും ചെയ്യുകയാണ്. അതിനെതിരായ നടപടികൾ ശക്തമാക്കും,' ബെസന്റ് പറഞ്ഞു.
ഉപരോധ പട്ടികയിൽ ഇറാൻ, തുർക്കി, യുഎഇ എന്നിവിടങ്ങളിലുള്ള ഒൻപത് വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ, പുരോഗമന ആയുധ പദ്ധതികൾ, ഡ്രോൺ വ്യാപനം എന്നിവയ്ക്കായി ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ ഇവർ പങ്കെടുത്തതായി ആരോപണമുണ്ട്.
കൂടാതെ, ഇറാനിയൻ പെട്രോളിയവും പെട്രോ-കെമിക്കൽ ഉൽപ്പന്നങ്ങളും നൂറുകണക്കിന് മില്യൺ ഡോളർ മൂല്യമുള്ള ചരക്കായി കടത്തിയതായി പറയപ്പെടുന്ന 12 കപ്പലുകളെയും അവയുടെ ഉടമകളെയും ലക്ഷ്യമിട്ടിട്ടുണ്ട്.
ഇതിനിടെ, ഇറാനിൽ പ്രതിഷേധങ്ങൾക്കെതിരായ കടുത്ത നടപടികൾ തുടരുന്നതിനിടെ, പുതിയ സൈനികാക്രമണ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാൻ നേതാക്കൾ ആക്രമണാത്മക പ്രതികരണത്തെതിരെ മുന്നറിയിപ്പ് നൽകിയതും ശ്രദ്ധേയമാണ്.
ഇതോടെ, ഇറാനെതിരായ അമേരിക്കയുടെ സമ്മർദനയം വീണ്ടും ശക്തിപ്പെടുന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇറാനെതിരെ കർശന നടപടി: 30 ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്കൻ ട്രഷറി ഉപരോധം
