തഹവ്വുർ റാണയുടെ പൗരത്വം റദ്ദാക്കുമോ? വഞ്ചനാനിയമങ്ങൾ ചൂണ്ടിക്കാട്ടി കാനഡ

തഹവ്വുർ റാണയുടെ പൗരത്വം റദ്ദാക്കുമോ? വഞ്ചനാനിയമങ്ങൾ ചൂണ്ടിക്കാട്ടി കാനഡ


ഒട്ടാവ: 2008ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ പാകിസ്ഥാൻ വംശജനായ കാനഡ പൗരൻ തഹവ്വുർ ഹുസൈൻ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കവുമായി കാനഡ സർക്കാർ. എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ കാനഡ സർക്കാർ പുറത്തുവിട്ടിട്ടില്ല. വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് കാനഡയുടെ കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് വ്യക്തമാക്കി.
സ്വകാര്യതാ നിയമങ്ങളും തുടരുന്ന ന്യായിക നടപടികളോടുള്ള ബഹുമാനവും കണക്കിലെടുത്ത് വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നാണ് കാനഡ കുടിയേറ്റ-അഭയാർത്ഥി പൗരത്വ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ, അറിയിച്ചിട്ടുള്ളത്.

1997ൽ കാനഡയിലേക്ക് കുടിയേറിയ റാണ 2001ൽ കാനഡ പൗരത്വം നേടിയിരുന്നു. എന്നാൽ പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചെന്നാണ് കാനഡയിലെ മാധ്യമമായ ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

വകുപ്പിന്റെ മാർഗനിർദേശങ്ങൾ പ്രകാരം, കുടിയേറ്റമോ പൗരത്വ അപേക്ഷയിലോ വഞ്ചന നടത്തുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, നിർണായക വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്താൽ പൗരത്വം റദ്ദാക്കാം. പൗരത്വം റദ്ദാക്കിയാൽ വീണ്ടും അപേക്ഷിക്കാൻ 10 വർഷം കാത്തിരിക്കേണ്ടിവരും. ആദ്യം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും; 30 ദിവസത്തിനകം മറുപടി നൽകണം. തുടർന്ന് 60 ദിവസത്തെ അധികസമയത്തോടെ തെളിവുകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. സാധാരണയായി ഫെഡറൽ കോടതി കേസിൽ അന്തിമതീരുമാനം എടുക്കും. ആവശ്യമെങ്കിൽ മന്ത്രിയുടെ ഇടപെടലും ആവശ്യപ്പെടാം.

മുംബൈയിൽ 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായ ലഷ്‌കർ എ തയ്യ്ബയ്ക്ക് പിന്തുണ നൽകിയെന്നാരോപിച്ചാണ് റാണക്കെതിരെ കേസ്. മുൻ സൈനിക ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് വ്യവസായിയായാണ് അറിയപ്പെട്ടത്. 2025 ഏപ്രിലിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കൈമാറിയ അദ്ദേഹം വിചാരണ നേരിടുകയാണ്.

ഇതിനിടെ, പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂഡൽഹിയിലേക്ക് സന്ദർശനം നടത്താനൊരുങ്ങുന്നതിനിടെ, ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളോടൊപ്പം ഈ നടപടിയും സമയോചിതമായി മുന്നേറുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.