ന്യൂഡൽഹി: ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്‌സിനെ നേടി ലോക നേതാക്കളിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി . ഇത്രയും ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ ലോക നേതാവും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.
2014ൽ ഇൻസ്റ്റഗ്രാമിൽ ചേർന്ന മോഡിയുടെ അക്കൗണ്ട് കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോക നേതാക്കളിൽ ഏറ്റവും സജീവവും ശ്രദ്ധേയവുമായി മാറിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതുപ്രവർത്തനങ്ങൾ, വിദേശ സന്ദർശനങ്ങൾ, വ്യക്തിപരമായ നിമിഷങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പോസ്റ്റുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
ലോക നേതാക്കളിൽ രണ്ടാം സ്ഥാനത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്. അദ്ദേഹത്തിന് 43.2 മില്യൺ പിന്തുടരുന്നവരുണ്ട്.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 15 മില്യണുമായി മൂന്നാം സ്ഥാനത്തും, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻാസിയോ ലുല ദ സിൽവ 14.4 മില്യണുമായി നാലാം സ്ഥാനത്തും തുടരുന്നു.
തുർക്കി പ്രസിഡന്റ് റെസെപ് തായിപ്പ് എർദോഗാൻ 11.6 മില്യണും, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് 6.4 മില്യണും ഫോളോവേഴ്‌സുമായി പിന്നാലെയുണ്ട്.
ഇന്ത്യയിൽ മറ്റ് രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് മോഡിക്ക് വലിയ മുന്നേറ്റമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏകദേശം 16.1 മില്യൺ ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏകദേശം 12.6 മില്യണുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ലോക രാഷ്ട്രീയത്തിൽ ഡിജിറ്റൽ സാന്നിധ്യത്തിന് വർധിച്ച പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിൽ മോഡിയുടെ മുന്നേറ്റം ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ഇൻസ്റ്റഗ്രാമിൽ മോഡിക്ക് 100 മില്യൻ ഫോളോവേള്‌സ്; ലോക നേതാക്കളിൽ ഒന്നാമൻ
