അറബ് മേഖല യുദ്ധഭീതിയല്‍ വൈറ്റ് ഹൗസില്‍ അടിയന്തരയോഗം

അറബ് മേഖല യുദ്ധഭീതിയല്‍ വൈറ്റ് ഹൗസില്‍ അടിയന്തരയോഗം


വാഷിംഗ്ടണ്‍: ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതോടെ അറബ് മേഖല സമ്പൂര്‍ ണ യുദ്ധഭീതിയിലായി.  നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നു. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസുമടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അമേരിക്ക നിലവിലെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുന്നതടക്കമുള്ള നടപടികള്‍ വൈറ്റ്ഹൗസ് ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. ആക്രമണത്തിന് പിന്നാലെ തദ്ദേശവാസികള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്.

ഇറാന്‍ 100 -ലധികം മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് ഉണ്ടായി. റെയില്‍വേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിര്‍ത്തത്. നാല് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഇറാന്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി അയച്ചുതുടങ്ങിയത്.  

ഇതിനിടയില്‍ ലെബനനെ സാഹയിക്കാണമെന്നും ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നജീബ് മിഖാത്തി ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നജീബ് മിഖാത്തി യു എന്‍ പ്രതിനിധികളെ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലെബനന്‍ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിഖാത്തി ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു ദശലക്ഷം ആളുകള്‍ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയോട് സഹായം തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ശക്തിപ്പെടുത്തിയതോടെ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.