റഷ്യന്‍ ആക്രമണം ശക്തമാകുന്നു; നേറ്റോ ഉച്ചകോടിയില്‍ കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെടാന്‍ സെലെന്‍സ്‌കി

റഷ്യന്‍ ആക്രമണം ശക്തമാകുന്നു; നേറ്റോ ഉച്ചകോടിയില്‍ കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെടാന്‍ സെലെന്‍സ്‌കി


അങ്കാറ: റഷ്യയുടെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിനിടെ കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി നേറ്റോ ഉച്ചകോടിയില്‍ സഖ്യരാജ്യങ്ങളെ സമീപിക്കും. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന ഉച്ചകോടിക്കിടെയാണ് സെലെന്‍സ്‌കി ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യ രണ്ട് തവണ കീവ് നഗരത്തിന് നേരെ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ തകര്‍ന്നുവീഴുകയും 50-ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുക്രെയ്‌ന്റെ ആവശ്യം കൂടുതല്‍ ശക്തമായത്.

ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും സെലെന്‍സ്‌കി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. റഷ്യയുടെ ആക്രമണങ്ങള്‍ അവരുടെ ശക്തിയുടെ തെളിവല്ല, മറിച്ച് ബലഹീനതയുടെ ലക്ഷണമാണെന്നും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ മാന്യമായ സമാധാന ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതനാക്കണമെന്നും അദ്ദേഹം വാദിക്കും.

അടുത്തിടെ യുക്രെയ്‌നും റഷ്യയ്ക്കുള്ളിലെ എണ്ണ ശുദ്ധീകരണശാലകള്‍, സൈനിക കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുമൂലം റഷ്യയുടെ വിവിധ മേഖലകളില്‍ ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ ഇന്ധനത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരുടെയും പരിമിത അളവില്‍ ലഭിക്കുന്ന പെട്രോളിനായി തര്‍ക്കിക്കുന്നവരുടെയും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേറ്റോ യോഗത്തിന് മുന്നോടിയായി അങ്കാറയിലെ ചര്‍ച്ചകള്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയാണ് സെലെന്‍സ്‌കി പ്രകടിപ്പിച്ചത്.

യുക്രെയ്‌ന് പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും അംഗരാജ്യങ്ങള്‍ നല്‍കണമെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും ആവശ്യപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ മുന്നേറ്റം തടയുന്നതിലൂടെ യുദ്ധത്തിന്റെ ഗതിമാറ്റാന്‍ യുക്രെയ്‌നിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്ക നിര്‍മിച്ച പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ യുക്രെയ്‌നില്‍ അപര്യാപ്തമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ യുക്രെയ്ന്‍ നിരവധി ഡ്രോണുകള്‍ തകര്‍ത്തെങ്കിലും ഒരു ബാലിസ്റ്റിക് മിസൈല്‍ പോലും തടയാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം മിസൈലുകളെ പ്രതിരോധിക്കാന്‍ കൂടുതല്‍ പാട്രിയറ്റ് മിസൈലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാലിസ്റ്റിക് ഭീകരതയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ തോതില്‍ ആയുധ ഉത്പാദനം ഇന്നും വര്‍ധിപ്പിച്ചിട്ടില്ലെന്നത് അസംബന്ധമാണെന്ന് വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളുടെ കൈവശമുള്ള പാട്രിയറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌ന് കൈമാറണമെന്നും സംഭരണശാലകളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ യുക്രെയ്ന്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവ ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെയുള്ള യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ക്രെംലിനെ സമ്മര്‍ദത്തിലാക്കിയെന്നാണ് വിലയിരുത്തല്‍.

2014-ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇതുമൂലം വൈദ്യുതി മുടക്കവും ഇന്ധന- ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നതായും ചില മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡോണ്‍ബാസ് മേഖല മുഴുവന്‍ വിട്ടുനല്‍കണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ന്‍ അംഗീകരിക്കില്ലെന്നും യുക്രെയ്‌ന് അംഗീകരിക്കാനാകുന്ന വ്യവസ്ഥകളില്‍ സമാധാന ചര്‍ച്ചകളിലേക്ക് പുടിനെ സമ്മര്‍ദത്തിലാക്കുകയാണ് നിലവിലെ സൈനിക- നയതന്ത്ര നീക്കങ്ങളുടെ ലക്ഷ്യമെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.