മാക്രോണ്‍ ഡമസ്‌കസില്‍; സിറിയയുടെ നയതന്ത്ര തിരിച്ചുവരവില്‍ നിര്‍ണായക വഴിത്തിരിവ്

മാക്രോണ്‍ ഡമസ്‌കസില്‍; സിറിയയുടെ നയതന്ത്ര തിരിച്ചുവരവില്‍ നിര്‍ണായക വഴിത്തിരിവ്


ഡമസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡമസ്‌കസിലെത്തി. 2024 ഡിസംബറില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം സിറിയ സന്ദര്‍ശിക്കുന്ന ആദ്യ പാശ്ചാത്യ രാഷ്ട്രത്തലവനാണ് മാക്രോണ്‍. സിറിയയുടെ അന്താരാഷ്ട്ര നയതന്ത്ര രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ സുപ്രധാന സൂചനയായാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസാദ് അല്‍ ഷൈബാനിയാണ് മാക്രോണിനെ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനം ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി നയതന്ത്ര ഒറ്റപ്പെടല്‍ നേരിട്ട സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഫ്രാന്‍സിന്റെ ശ്രമമായാണ് കാണപ്പെടുന്നത്.

17 വര്‍ഷത്തിന് ശേഷം സിറിയ സന്ദര്‍ശിക്കുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി 2009-ലാണ് അവസാനമായി ഡമസ്‌കസ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് 2011-ല്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ക്കെതിരെ അസദ് സര്‍ക്കാര്‍ നടത്തിയ ശക്തമായ നടപടികള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്ത യുദ്ധമായിരുന്നു അത്.

ഡമസ്‌കസിലെത്തിയ ശേഷം സമൂഹമാധ്യമമായ എക്സില്‍ മാക്രോണ്‍ സിറിയന്‍ ജനതയോടുള്ള ഫ്രാന്‍സിന്റെ പിന്തുണ വീണ്ടും ഉറപ്പിക്കാനാണ് തന്റെ സന്ദര്‍ശനമെന്ന് കുറിച്ചു. സ്ഥിരതയുടെയും സമാധാനത്തിന്റെയും പുതിയ അധ്യായം നമുക്ക് ഒരുമിച്ച് തുറക്കാമെന്നും അദ്ദേഹം കുറിച്ചു.

അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിലെ പുതിയ നേതൃത്വവുമായി ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ പാശ്ചാത്യ നേതാവാണ് മാക്രോണ്‍. ഒരു ദശാബ്ദത്തിലേറെയായി അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടിരുന്ന ഡമസ്‌കസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സിറിയയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സാമ്പത്തിക സഹകരണവും സുരക്ഷയും കേന്ദ്രീകരിച്ചുള്ള പുതിയ പങ്കാളിത്തത്തിന് തുടക്കമിടുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസ് അറിയിച്ചു.

യൂറോപ്പിനെയും പശ്ചിമേഷ്യയെയും ബന്ധിപ്പിക്കുന്ന വ്യാപാര, വിതരണ ശൃംഖലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കും ഇരു രാജ്യങ്ങളും പിന്തുണ നല്‍കുമെന്നാണ് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്.

മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സും സിറിയയും നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷറാ അറിയിച്ചു. ഇത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് മാധ്യമമായ ബി എം എം ടി വി്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിറിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ധനകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും മറ്റ് നിര്‍ണായക മേഖലകളിലെ സാങ്കേതിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനും ഫ്രാന്‍സ് സഹായിക്കുമെന്ന് അല്‍ ഷറാ വ്യക്തമാക്കി.