വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ധാരണയിലെത്തണമെന്നും അല്ലാത്തപക്ഷം അമേരിക്ക 'ദൗത്യം പൂര്‍ത്തിയാക്കുമെന്നും' യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ധാരണയായാലും ഇല്ലെങ്കിലും വിജയിക്കുക അമേരിക്കയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ വിജയിക്കുമെന്നും എന്നാല്‍ ഏകദേശം 9.1 കോടി ജനങ്ങളുള്ള ഇറാനെ ദോഷകരമായി ബാധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായ പ്രസ്താവനകളില്‍ തെഹ്‌റാനില്‍ നിന്ന് അമേരിക്ക ഇതിനകം ചില ഉറപ്പുകള്‍ നേടിയിട്ടുണ്ടെന്നും ഇറാന്‍ അവ പാലിക്കണമെന്നും ട്രംപ് അവകാശപ്പെട്ടു. ഏത് ധാരണയുടെ ഭാഗമായാലും ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുണ്ടായ സമീപകാല സംഘര്‍ഷത്തിന് മുമ്പുണ്ടായിരുന്ന നിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ ആഗോള എണ്ണവിലയെന്നും ഇറാനെതിരായ ശക്തമായ സമ്മര്‍ദ നടപടികളുടെ ഫലമായാണ് ഈ ഇടിവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.
അതേസമയം, ഇറാനില്‍ ഭരണകൂടമാറ്റം ലക്ഷ്യമിടുന്നില്ലെന്നും ചര്‍ച്ചകളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തുകയാണ് തന്റെ മുന്‍ഗണനയെന്നും ട്രംപ് ആവര്‍ത്തിച്ചു.
ഇറാന്റെ ആണവപരിപാടിയെച്ചൊല്ലിയുള്ള ആശങ്കകളും മേഖലയിലെ സൈനിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
