അൻസിബയുടെ പരാതിയിൽ വഴിത്തിരിവ്; ലക്ഷ്മിപ്രിയ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

അൻസിബയുടെ പരാതിയിൽ വഴിത്തിരിവ്; ലക്ഷ്മിപ്രിയ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്


കൊച്ചി:  നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ഒടുവിൽ ഹിൽപാലസ് പോലീസ് കേസെടുത്തു. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

നേരത്തെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ കോടതിയെ സമീപിച്ച അൻസിബയുടെ ഹർജിയിൽ തുടർനടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മുമ്പും നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കോടതി ഇടപെട്ട ശേഷമാണ് പോലീസ് കേസെടുത്തത്.

ലക്ഷ്മിപ്രിയ നൽകിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. സ്റ്റേഷനിൽവെച്ച് നിർബന്ധിച്ച് മാപ്പെഴുതിപ്പിച്ചതായും അവർ ആരോപിച്ചിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയതിനെ തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന റിപ്പോർട്ടാണ് ആദ്യം നൽകിയിരുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.