ഹെലന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റയിലേക്കും

ഹെലന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റയിലേക്കും


അറ്റ്‌ലാന്റ: ഫ്‌ളോറിഡയില്‍ കനത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്‌ലാന്റയിലേക്കും വ്യാപിക്കുന്നു. ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റ നഗരത്തില്‍ ചരിത്രത്തിലാദ്യമായി മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്‌ലാന്റയില്‍ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. 

വ്യാഴാഴ്ച രാത്രിയാണ് ഹെലിന്‍ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ കാറ്റഗറി-4 കൊടുങ്കാറ്റായി കരകയറിയത്. 

തെക്കുകിഴക്കന്‍ യു എസിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും അപകടകരമായ കാറ്റും മഴയുമാണുണ്ടായത്. 

ഫ്‌ളോറിഡയിലെ ഗള്‍ഫ് കോസ്റ്റിലെ ബിഗ് ബെന്‍ഡ് ഏരിയയിലെ ഓസില്ല നദീമുഖത്ത് 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കഴിഞ്ഞ വര്‍ഷം ഇഡാലിയ ചുഴലിക്കാറ്റ് ഏകദേശം ഇതേ ശക്തിയില്‍ വന്ന് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഫ്‌ളോറിഡയില്‍ ഒരു ദശലക്ഷത്തിലധികം വീടുകള്‍ക്കും ബിസിനസുകള്‍ക്കും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഫ്‌ളോറിഡ, ജോര്‍ജിയ, അലബാമ, കരോലിനാസ്, വിര്‍ജീനിയ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെല്ലാം അവരുടെ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ജോര്‍ജിയയിലൂടെ വീശിയടിച്ച ഹെലന്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുര്‍ബലമായി. അറ്റ്‌ലാന്റയിലും കരോലിനസിലും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു. 

വടക്കന്‍ ഫ്‌ലോറിഡയിലൂടെയും ജോര്‍ജിയയിലേക്കും ഉള്‍നാടുകളിലേക്കും കാറ്റ് നീങ്ങുകയായിരുന്നു.  വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ഹെലന്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റാണെന്നും മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ കാറ്റ് വീശുന്നതായും ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. 

ഫ്‌ളോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ആറ് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.