'പ്രാപ്പിടിയന്‍' കുതിച്ചപ്പോള്‍ ഫ്‌ളോറിഡയില്‍ ആഹ്ലാദത്തിമര്‍പ്പില്‍ ഒരു കൊച്ചിക്കാരന്‍

'പ്രാപ്പിടിയന്‍' കുതിച്ചപ്പോള്‍ ഫ്‌ളോറിഡയില്‍ ആഹ്ലാദത്തിമര്‍പ്പില്‍ ഒരു കൊച്ചിക്കാരന്‍

Photo Caption


ലോസ് ഏഞ്ചല്‍സ്: കൊച്ചിക്കാരനാണ് ഡീപോള്‍ സണ്ണി, പക്ഷേ പരിപാടിയിങ്ങ് ഇലോണ്‍ മസ്‌കിനോടൊപ്പവും. സ്‌പേസ് എക്‌സിലെ സീനിയര്‍ മിഷന്‍ ഇന്റഗ്രേഷന്‍ എന്‍ജിനിയറായ ഡീപോള്‍ സണ്ണി സ്‌പേസ് എക്‌സിന്റെ ഡ്രാഗ ബഹിരാകാശ വാഹനത്തിന്റെ മിഷന്‍ മാനേജരുമാണ്. 

കഴിഞ്ഞ വ്യാഴാഴ്ച ഫ്‌ളോറിഡയിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സില്‍ നിന്നും 'പ്രാപ്പിടിയന്‍' പറന്നുയര്‍ന്നപ്പോള്‍ 'കുഞ്ഞിപ്പക്ഷി'യെ ഒറ്റക്കു പറക്കാന്‍ വിട്ട 'തള്ളപ്പക്ഷി'യുടെ ഭാവമുണ്ടായിരുന്നു അദ്ദേഹത്തിന്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ശാസ്ത്രീയ സാമഗ്രികളും അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മാത്രമല്ല അവിടെ കഴിയുന്നവര്‍ക്കുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണവും കോഫി കിറ്റുകളും ഉള്‍പ്പെടെയായാണ് ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തേയും വഹിച്ച് 'ഫാല്‍ക്കണ്‍ ഒന്‍പത്' റോക്കറ്റ് കുതിച്ചത്. 

ഡീപോള്‍ സണ്ണിയുടെ എക്‌സ് അക്കൗണ്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്നതു പോലും ഡ്രാഗണുകളെ പറക്കാന്‍ സഹായിക്കുന്നുവെന്നാണ്.

സണ്ണി ഡയമണ്ട്‌സ് ഉടമ പി പി സണ്ണിയുടേയും ടീനയുടേയും മൂത്തമകനായ ഡീപോള്‍ രണ്ടര വര്‍ഷം മുമ്പാണ് സ്‌പെയ്‌സ് എക്‌സിലെത്തിയത്. 

യു എസിലെ എംബ്രിറിഡില്‍ എയ്‌റോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ നിന്നും എയ്‌റോനോട്ടിക്‌സ്, ഏവിയേഷന്‍ സേഫ്റ്റി, അപ്ലൈഡ് മീറ്ററോളജി എന്നിവ ഉള്‍പ്പെടെയുള്ള ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം 2011ല്‍ ജെറ്റ് ബ്ലൂവില്‍ എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്ററായി. അതിനിടയിലാണ് അദ്ദേഹം ബഹിരാകാശ സയന്‍സും സാങ്കേതിക വിദ്യകളും പഠിച്ചത്. 

ലോസ് ഏഞ്ചല്‍സില്‍ ഭാര്യ റെയ്‌ന ഡെറിക്കൊപ്പം ജീവിക്കുകയാണ് ഡീപോള്‍ സണ്ണി.