ടൊറന്റോ: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ടൊറന്റോ നഗരത്തിലെ സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ സ്ഥാപിച്ചിരുന്ന അമേരിക്കന്‍ പ്രമേയത്തിലുള്ള ബീവര്‍ ശില്‍പം അജ്ഞാതര്‍ തകര്‍ത്തു. സംഭവത്തില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ശില്‍പം നശിപ്പിച്ചതിനെതിരെ കാനഡയിലെ അമേരിക്കന്‍ അംബാസഡര്‍ പീറ്റ് ഹൂക്‌സ്ട്രയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ടൊറന്റോയിലെ സെന്റ് ലോറന്‍സ് മാര്‍ക്കറ്റിനും ഹോക്കി ഹാള്‍ ഓഫ് ഫെയിമിനും സമീപമുള്ള വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 51 വ്യത്യസ്ത ബീവര്‍ ശില്‍പങ്ങളില്‍ ഒന്നായിരുന്നു ഇത്. പ്രാദേശിക ബിസിനസ് ഇംപ്രൂവ്മെന്റ് ഏരിയ സംഘടിപ്പിച്ച കലാപ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഓരോ ശില്‍പവും ഫുട്‌ബോള്‍ കൈവശം വച്ചിരിക്കുന്ന ബീവറുകളുടെ രൂപത്തില്‍ ഒരുക്കിയത്.
ഏകദേശം നാല് അടി ഉയരമുള്ള ശില്‍പത്തിന്റെ കവിളുകളില്‍ അമേരിക്കന്‍ പതാകയും ശരീരത്തില്‍ നക്ഷത്രങ്ങളാല്‍ അലങ്കരിച്ച യു എസ് എ ജേഴ്‌സിയും ചിത്രീകരിച്ചിരുന്നു. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ഹവായിയന്‍ ഹൈബിസ്‌കസ് പൂവ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ത്തിപ്പിടിച്ച മുഷ്ടി തുടങ്ങിയ അമേരിക്കയുടെ വിവിധ സാംസ്‌കാരിക- സാമൂഹിക പ്രതീകങ്ങളും ശില്‍പത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ ശില്‍പം പൂര്‍ണമായും തകര്‍ന്ന നിലയില്‍ മഞ്ഞ മുന്നറിയിപ്പ് ടേപ്പിനുള്ളില്‍ കിടക്കുന്നതായി കാണാം.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി ഓള്‍ഡ് ടൗണ്‍ ടൊറന്റോ ബിസിനസ് ഇംപ്രൂവ്മെന്റ് ഏരിയ മാര്‍ക്കറ്റിങ് ഡയറക്ടര്‍ റോബിന്‍ പോസ്‌നര്‍ പറഞ്ഞു.
പ്രദര്‍ശനത്തിനിടെ മറ്റ് ഏതാനും ബീവര്‍ ശില്‍പങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ താത്ക്കാലിക കലാസൃഷ്ടികള്‍ സ്ഥാപിക്കുമ്പോള്‍ ഇത്തരം നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണക്കാക്കാറുണ്ടെങ്കിലും അമേരിക്കന്‍ ബീവര്‍ ശില്‍പം തകര്‍ത്ത സംഭവം പ്രത്യേകിച്ച് നിരാശാജനകമാണെന്ന് പോസ്‌നര്‍ പറഞ്ഞു.
ശില്‍പം രൂപകല്‍പന ചെയ്ത അമേരിക്കന്‍- കാനഡന്‍ കലാകാരിയായ അലിയ ഹോംസ് സംഭവത്തിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
സംഭവത്തില്‍ പ്രതികരിച്ച അമേരിക്കന്‍ അംബാസഡര്‍ പീറ്റ് ഹൂക്‌സ്ട്ര ഇത്തരം പ്രവൃത്തിയിലൂടെ അമേരിക്കയ്ക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്നും നഷ്ടമുണ്ടായത് കഴിവുറ്റ ഒരു കാനഡന്‍- അമേരിക്കന്‍ കലാകാരിക്കും ടൊറന്റോ സമൂഹത്തിനും കലാപ്രദര്‍ശനത്തിലൂടെ സഹായം ലഭിക്കേണ്ടിയിരുന്ന ചാരിറ്റി സംഘടനയ്ക്കുമാണെന്നും സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
പ്രദര്‍ശനത്തിലുള്ള 51 ബീവര്‍ ശില്‍പങ്ങളില്‍ 48 എണ്ണം ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ഒരെണ്ണം ടൊറന്റോയിലെ വിനോദസഞ്ചാര മേഖലയുടെ പ്രതീകമായും രണ്ട് ശില്‍പങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനുമായി ഒരുക്കിയവയുമാണ്.
ഓരോ ശില്‍പവും അതത് രാജ്യങ്ങളുമായി ബന്ധമുള്ള കലാകാരന്മാര്‍ കൈകൊണ്ട് വര്‍ണാഭമായി ചിത്രീകരിച്ചതാണ്. കൂടാതെ, ഓരോ ശില്‍പത്തിലും ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ 'സ്‌കാവഞ്ചര്‍ ഹണ്ട്' മത്സരത്തില്‍ പങ്കെടുക്കാം. വിവിധ വെല്ലുവിളികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോയിന്റുകള്‍ നേടാനും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനമായി ലഭിക്കാനും അവസരമുണ്ട്.
കലാപ്രദര്‍ശനവും 'സ്‌കാവഞ്ചര്‍ ഹണ്ട്' പരിപാടിയും ഓഗസ്റ്റ് 16 വരെ തുടരും.
