ടൊറന്റോ: കാര്‍ട്ടൂണ്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് വിദേശ ഉച്ചാരണമുള്ള ഇംഗ്ലീഷ് നല്‍കുന്ന രീതി കുട്ടികളില്‍ ഭാഷാപരമായ മുന്‍വിധികള്‍ വളര്‍ത്തുന്നുവെന്ന് കാനഡയില്‍ നടത്തിയ പഠനം. മൂന്ന് വയസ്സുമുതല്‍ തന്നെ കുട്ടികളില്‍ ഇത്തരം മുന്‍വിധികള്‍ രൂപപ്പെടുകയും പ്രായം കൂടുന്നതിനനുസരിച്ച് അത് ശക്തമാവുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ടൊറന്റോ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എലിസബത്ത് ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം 'ചൈല്‍ഡ് ഡെവലപ്മെന്റ്' എന്ന ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ക്കായി ഒരുക്കിയ 100-ലധികം ജനപ്രിയ കാര്‍ട്ടൂണ്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും പഠനത്തിന്റെ ഭാഗമായി വിശകലനം ചെയ്തു.
'ദി ലയണ്‍ കിംഗ്' എന്ന ചിത്രത്തിലെ സ്‌കാര്‍, 'പീറ്റര്‍ പാന്‍'ലെ ക്യാപ്റ്റന്‍ കുക്ക്, 'ഡെസ്പിക്കബിള്‍ മീ' പരമ്പരയിലെ ഗ്രൂ തുടങ്ങിയ നിരവധി ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ബ്രിട്ടീഷ് അല്ലെങ്കില്‍ കിഴക്കന്‍ യൂറോപ്യന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് ഉച്ചാരണമാണ് നല്‍കിയിരിക്കുന്നത്. സാധാരണ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ നിന്ന് വ്യത്യസ്തമായ ശൈലി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലെ ഏഴ് മുതല്‍ ഒമ്പത് വയസ്സ് വരെയുള്ള 95 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കുട്ടികളോടും മാതാപിതാക്കളോടും അവരുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ സിനിമകളുടെയും പരിപാടികളുടെയും പട്ടിക തയ്യാറാക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു.
വിശകലനത്തില്‍, വിദേശ ഉച്ചാരണമുള്ള കഥാപാത്രങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നെങ്കിലും അത്തരം കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും വില്ലന്മാരോ പ്രതികൂല സ്വഭാവമുള്ളവരോ ആയിരുന്നുവെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഒരേ നടന്‍ വ്യത്യസ്ത ഇംഗ്ലീഷ് ഉച്ചാരണങ്ങളില്‍ സംസാരിക്കുന്ന ശബ്ദരേഖകള്‍ പങ്കെടുത്തവരെ കേള്‍പ്പിച്ച ശേഷം, നായക കഥാപാത്രത്തിനും വില്ലന്‍ കഥാപാത്രത്തിനും ഏത് ശബ്ദമാണ് കൂടുതല്‍ അനുയോജ്യമെന്ന് ചോദിച്ചു. കുട്ടികളും മാതാപിതാക്കളും ഒരുപോലെ വിദേശ ഉച്ചാരണമുള്ള ശബ്ദത്തെ വില്ലന്‍ കഥാപാത്രവുമായി ബന്ധപ്പെടുത്താനുള്ള പ്രവണതയാണ് പ്രകടിപ്പിച്ചത്.
അഞ്ച് വയസ്സും 13 വയസ്സും പ്രായമുള്ള കുട്ടികളില്‍ നടത്തിയ മറ്റൊരു പരീക്ഷണത്തിലും സമാനമായ ഫലമാണ് ലഭിച്ചത്. പ്രായം കൂടുന്തോറും വിദേശ ഉച്ചാരണത്തെ വില്ലന്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തുന്ന പ്രവണത കൂടുതല്‍ ശക്തമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി.
വിദേശ ഉച്ചാരണമുള്ളവരെ വിശ്വാസ്യത കുറഞ്ഞവരോ ബുദ്ധിശേഷി കുറവുള്ളവരോ ആയി കാണുന്ന സാമൂഹിക മുന്‍വിധികള്‍ തൊഴില്‍, താമസം തുടങ്ങിയ മേഖലകളിലും പ്രതികൂലമായി ബാധിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.
വിദേശ ഉച്ചാരണങ്ങളുള്ള കഥാപാത്രങ്ങളെ പോസിറ്റീവായി അവതരിപ്പിക്കുന്ന കാര്‍ട്ടൂണ്‍ പരിപാടികള്‍ കുട്ടികളുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കുമോ എന്നതിനെക്കുറിച്ചും ഗവേഷണം തുടരുകയാണെന്ന് ജോണ്‍സണ്‍ പറഞ്ഞു. 'ഒക്ടോനോട്ട്‌സ്', 'പെപ്പ പിഗ്' തുടങ്ങിയ പരിപാടികള്‍ വിവിധ ഇംഗ്ലീഷ് ഉച്ചാരണങ്ങള്‍ക്ക് മികച്ച പ്രതിനിധാനം നല്‍കുന്ന ഉദാഹരണങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷും ഫ്രഞ്ചും ഒഴികെയുള്ള ഭാഷകള്‍ സംസാരിക്കുന്ന വലിയ ജനവിഭാഗമുള്ള ടൊറന്റോ പോലുള്ള ബഹുഭാഷാ സമൂഹത്തിലും കുട്ടികളില്‍ ഇത്തരം ഭാഷാപരമായ മുന്‍വിധികള്‍ കണ്ടെത്തിയതില്‍ ഗവേഷകര്‍ അത്ഭുതം പ്രകടിപ്പിച്ചു. 2021-ലെ കണക്കുകള്‍ പ്രകാരം ടൊറന്റോയിലെ ഏകദേശം പകുതിയോളം പേര്‍ വീടുകളില്‍ ഇംഗ്ലീഷിനോ ഫ്രഞ്ചിനോ പുറമെ മറ്റ് ഭാഷകളാണ് സംസാരിക്കുന്നത്.
എങ്കിലും, വൈവിധ്യമാര്‍ന്ന ഭാഷാ- സാംസ്‌കാരിക സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ പോലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അവതരണം അവരുടെ ഭാഷാപരമായ ധാരണകളെ സ്വാധീനിക്കുന്നുവെന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.
