തിരുവനന്തപുരം: മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കാരണത്താലായിരുന്നു ശ്രീശാന്തിന് മേൽ കെസിഎ അച്ചടക്ക നടപടിയുടെ ഭാഗമായി വിലക്കേർപ്പെടുത്തിയിരുന്നത്. തനിക്കെതിരെയുള്ള നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
ഇതിനെത്തുടർന്ന്, കെസിഎയ്‌ക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ പൂർണമായി ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീശാന്ത് അസോസിയേഷന് ഔദ്യോഗികമായി നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചു. ഇന്ന് ചേർന്ന കെസിഎ സ്‌പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ഈ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്യുകയും, താരം തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച സാഹചര്യം കണക്കിലെടുത്ത് വിലക്ക് ഐകകണ്ഠ്യേന പിൻവലിക്കാൻ യോഗം തീരുമാനിക്കുകയുമായിരുന്നുവെന്ന് കെസിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിലക്ക് പിൻവലിക്കാൻ സ്പെഷ്യൽ ജനറൽ ബോഡി യോഗം തീരുമാനിച്ചെങ്കിലും, ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘടനയുടെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കെസിഎ പറയുന്നു.
കെസിഎ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കേരള ക്രിക്കറ്റ് ലീഗിൻ്റെ മൂന്നാം സീസണിൽ സജീവമാകാൻ സാധിക്കും. കെസിഎല്ലിലെ പ്രമുഖ ഫ്രാഞ്ചൈസികളിലൊന്നായ 'ഏരീസ് കൊല്ലം സെയിലേഴ്‌സ്' ടീമിൻ്റെ സഹഉടമയായി തുടരാൻ ഇതോടെ ശ്രീശാന്തിന് നിയമപരമായ തടസ്സങ്ങളുണ്ടാകില്ല. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു താരത്തിനെതിരെ കെസിഎ വിലക്ക് പ്രഖ്യാപിച്ചത്. ഇത് ഫ്രാഞ്ചൈസിക്കും ക്രിക്കറ്റ് പ്രേമികൾക്കും വലിയ നിരാശ നൽകിയിരുന്നു. എന്നാൽ വിലക്ക് മാറിയതോടെ വരാനിരിക്കുന്ന സീസണിൽ ടീമിനൊപ്പം സജീവമായി നിലകൊള്ളാൻ ശ്രീശാന്തിന് സാധിക്കും.
ശ്രീശാന്തിൻ്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു; നടപടി മാപ്പപേക്ഷ പരിഗണിച്ച്
