ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ സ്പീക്കർക്കെതിരെ വരാനിരിക്കുന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ ഒരു പ്രത്യേക രീതിയിൽ വോട്ട് ചെയ്യുന്നതിനായി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎമാർക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൃഷ്ണഗിരി ഉത്തങ്കരൈ മണ്ഡലത്തിലെ ടിവികെ എംഎൽഎ ഡോ. എൻ. ഇളയരാജ നൽകിയ പരാതിയിലാണ് ചെന്നൈ പൊലീസിന്റെ നടപടി. ഡിഎംകെയുടെ മുൻ മന്ത്രിയും കോയമ്പത്തൂർ സൗത്ത് എംഎൽഎയുമായ വി. സെന്തിൽ ബാലാജി, അദ്ദേഹത്തിന്റെ സഹോദരൻ വി. അശോക് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ കുതിരക്കച്ചവടത്തിന് മുതിർന്നതെന്ന് പൊലീസ് ആരോപിച്ചു.
അരുമ്പാക്കം സ്വദേശി തിരുനാവുക്കരശ്, തിരുച്ചിറപ്പള്ളി സ്വദേശി നരേഷ്, മേടവാക്കം സ്വദേശി ത്യാഗരാജൻ എന്നിവരെയാണ് ഡി1 ട്രിപ്ലിക്കേൻ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 29-ന് എംഎൽഎ ചെന്നൈ പൊലീസ് കമ്മീഷണർക്ക് നേരിട്ട് നൽകിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർവെ കമ്പനിയുടെ പേരിൽ വ്യാജ ഫോൺ കോൾ ചെയ്തതിന് ശേഷം വൻ തുക വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.
'ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ്' എന്ന പ്രമുഖ രാഷ്ട്രീയ അഭിപ്രായ സർവേ കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടാണ് തിരുനാവുക്കരശ് ആദ്യം എംഎൽഎ ഇളയരാജയെ ഫോണിൽ ബന്ധപ്പെടുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് എംഎൽഎയുമായി അടിയന്തര കൂടിക്കാഴ്ച നടത്താൻ താല്പര്യമുണ്ടെന്ന് ഇയാൾ അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ നിയമസഭയിൽ സ്പീക്കർക്കെതിരെ വരാനിരിക്കുന്ന അവിശ്വാസപ്രമേയത്തിൽ ഭരണപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി 35 കോടി രൂപ പ്രതികൾ എംഎൽഎയ്ക്ക് വാഗ്ദാനം ചെയ്തു. എന്നാൽ ഇളയരാജ ഈ വാഗ്ദാനം പൂർണ്ണമായും നിരസിച്ചു. ഇതോടെ, ഈ വിവരങ്ങൾ പുറത്തുവിട്ടാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കാട്ടി എംഎൽഎയെയും കുടുംബത്തെയും പ്രതികൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി തമിഴ്‌നാട് മന്ത്രി സി.ടി. നിർമ്മൽ കുമാർ രംഗത്തെത്തി. സെന്തിൽ ബാലാജിയുമായി നേരിട്ട് ബന്ധമുള്ളവരും കുപ്രസിദ്ധമായ 'കരൂർ ഗ്യാങ്' അംഗങ്ങളുമാണ് ഈ അഴിമതിക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയും എഐഎഡിഎംകെ തലവൻ എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഭരണപക്ഷത്തിന്റെ ഈ ആരോപണങ്ങളെ ഡിഎംകെ പൂർണ്ണമായും തള്ളി. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി പൊതുജനങ്ങൾക്കിടയിൽ കഥ മെനയാനാണ് ടിവികെ ശ്രമിക്കുന്നതെന്ന് ഡിഎംകെ വക്താവ് എ. ശരവണൻ ആരോപിച്ചു. കൃത്യമായ തെളിവുകളുണ്ടെങ്കിൽ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാൻ അദ്ദേഹം വെല്ലുവിളിച്ചു.
പണി പാളി; തമിഴ്‌നാട്ടിലെ കുതിരക്കച്ചവടത്തിൽ മൂന്ന് പേർ അറസ്റ്റിൽ; വിജയ് സർക്കാരിനെ താഴെയിറക്കാൻ ടിവികെ എംഎൽഎമാർക്ക് വാഗ്ദാനം 35 കോടി
