തൊഴിലുറപ്പ് ഇനി വിബിജി റാം ജി; സ്വകാര്യ ഭൂമിയിൽ‍ പണിയില്ല, കേരളത്തിൽ ദിവസവേതനം 401 രൂപ

തൊഴിലുറപ്പ് ഇനി വിബിജി റാം ജി; സ്വകാര്യ ഭൂമിയിൽ‍ പണിയില്ല, കേരളത്തിൽ ദിവസവേതനം 401 രൂപ


തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി പ്രാബല്യത്തിലായി. തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇ-കെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോ​ഗിക്കാമെന്നാണ് ​ഗ്രാമവികസന മന്ത്രാലയം അറിയിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും. കേരളത്തിൽ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ, കേരളത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തിരുന്നു. എന്നാൽ വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേത് അടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്ക് വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.

വിബിജി റാം ജി പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാലു വിഭാഗങ്ങളിലാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, സർക്കാർ സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്. എന്നാൽ, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി സംസ്ഥാനങ്ങളുടെ വിഹിതം വർദ്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കനത്ത വിയോജിപ്പ് അറിയിച്ചിരുന്നു.