തിരുവനന്തപുരം : യുഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ ആദ്യത്തെ കർമ്മ പദ്ധതികൾ നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമ്രന്തി വി.ഡി സതീശൻ. ഇന്ന് മുതൽ അടുത്ത നൂറു ദിവസത്തിനുള്ളിൽ 541 പദ്ധതികൾ പൂർത്തീകരിക്കും. വിവിധ വകുപ്പുകളിൽ നിന്ന് നടപ്പാക്കാൻ കഴിയുമെന്ന് പരിശോധിച്ചാണ് പദ്ധതികൾ തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രി ഇടപെട്ട് വിവിധ വകുപ്പുകളുടെ യോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറു ദിവസത്തെ അഞ്ചാക്കി തിരിച്ച് ഓരോ 20 ദിവസം കൂടുമ്പോഴും പദ്ധതികൾ എവിടെ എത്തിയെന്ന് വിലയിരുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ഡാഷ് ബോർഡ് സ്ഥാപിച്ച് ഓരോ പദ്ധതിയുടെയും തൽസ്ഥിതി മനസിലാക്കും. ഈ സർക്കാരിന് വിശ്വാസ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതികൾ പൂർത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള ആവേശം കൂടിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പദ്ധതികൾ എവിടെയെത്തി എന്ന് അറിയുന്നതിന് ആധുനിക സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ പെർമോമൻസ് ഓഡിറ്റ് നടത്തുമെന്നും ജനങ്ങളുടെ നികുതിപ്പണമാണ് ചെലവഴിക്കപ്പെടുന്നതെന്ന് എല്ലാ വകുപ്പുകൾക്കും ബോധ്യം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ സമയത്തും പദ്ധതിയുടെ വലിപ്പം വർധിച്ചു വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ കഴിഞ്ഞ ഇടത് സർക്കാരിൻ്റെ അഞ്ച് വർഷ കാലത്ത് മാത്രമാണ് പദ്ധതി വിഹിതം ഉയർത്താതെ മുന്നോട്ട് പോയത്. മൂന്ന് തവണ 30000 കോടി തന്നെയായിരുന്നു വിഹിതം. 2024-25 30370 കോടിയാണ് പദ്ധതിയിൽ വെച്ചിരുന്നത്. എന്നാൽ 2024 ഓഗസ്റ്റ് എട്ടിന് ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം 10 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ തുക 50 ശതമാനം വെട്ടിക്കുറിച്ചു. പത്ത് കോടിക്ക് താഴെയുള്ള തുടർ പദ്ധതികളുടെ 50 ശതമാനവും വെട്ടിക്കുറച്ചു. അങ്ങനെ ആകെ പദ്ധതിയുടെ തുക വെട്ടിക്കുറച്ചവരാണ് ഈ സർക്കാർ ബജറ്റ് വിഹിതം കുറച്ചുവെന്ന് ആക്ഷേപമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നികുതിപ്പണം സൂക്ഷ്മതയോടെ ഭംഗിയായി കുത്യമായി വിനിയോഗിക്കും. ബജറ്റിൽ ്രപഖ്യാപിച്ച പദ്ധതികൾ കൃത്യമായ ഉത്തരവാദിത്വത്തോടെയും ദിശാബോധത്തോടെയും നടപ്പാക്കും. സഭ പാസാക്കി തന്ന പണം ശ്രദ്ധയോടെ സമയം വൈകിപ്പിക്കാതെ കൂട്ടുത്തരവാദിതവത്തോടെ ചെലവഴിക്കും. പദ്ധതികൾ വൈകി നടപ്പാക്കുമ്പോൾ ജനങ്ങളുടെ നികുതി പണം ഒഴുകി പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു.
കൗണ്ട്ഡൗൺ തുടങ്ങി, 100 ദിവസത്തിൽ 541 പദ്ധതികൾ; നൂറുദിന കർമ്മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ
