ഒട്ടാവ: ആര്‍ട്ടിക് സാഹചര്യങ്ങളില്‍ പുതിയ ഡ്രോണ്‍ പരീക്ഷിക്കാന്‍ കാനഡയുടെ നാവികസേന തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആര്‍ട്ടിക് മേഖലയില്‍ കാനഡ വിപുലമായ സൈനികാഭ്യാസം ഓപ്പറേഷന്‍ നാനൂക്ക് സംഘടിപ്പിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ബെല്‍ജിയം, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ സഖ്യകക്ഷികളുമായി ചേര്‍ന്ന് നടത്തിയ ഈ ഓപ്പറേഷന്‍ ആര്‍ട്ടിക് മേഖലയില്‍ സൈനിക ശ്രദ്ധ പതിപ്പിക്കാനുള്ള ലക്ഷ്യമാണ് നിറവേറ്റുന്നത്.
ഇതിന്റെ ഭാഗമായി ആര്‍ട്ടിക് റഡാര്‍ ഡിറ്റക്ഷന്‍ സംവിധാനം വികസിപ്പിക്കുന്നതിന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഓസ്‌ട്രേലിയയുമായി ആറു ബില്യന്‍ ഡോളറിന്റെ കരാര്‍ പ്രഖ്യാപിച്ചു. യു എസിന്റെ മുന്‍ഗണനകള്‍ മാറുമ്പോള്‍ കാനഡ പ്രതിരോധത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
കാനഡയെ സുരക്ഷിതമായി നിലനിര്‍ത്തിയിരുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളും മാനദണ്ഡങ്ങളും ഇപ്പോള്‍ മാറിയതായും ഒരിക്കല്‍ സഖ്യകക്ഷിയായിരുന്ന അമേരിക്കയുടെ മുന്‍ഗണനകള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വലിയ പ്രദേശത്ത് തുടര്‍ച്ചയായി ട്രാക്കിംഗ് സാധ്യമാക്കുന്ന നൂതന സംവിധാനമായ ഓവര്‍ ദി ഹോറിസോണ്‍ റഡാര്‍ രംഗത്ത് ഓസ്‌ട്രേലിയക്കാണ് ഏറ്റവും മികവ്.
റഡാര്‍ സംവിധാനത്തിന്റെ ദീര്‍ഘദൂര നിരീക്ഷണവും ട്രാക്കിംഗ് കഴിവുകളും വടക്കുഭാഗത്തുടനീളമുള്ള ഭീഷണികള്‍ കണ്ടെത്തി തടയുമെന്ന് കാര്‍ണിയുടെ ഓഫീസ് കരാര്‍ പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ആധുനിക മിസൈല്‍ ഭീഷണികളോട് പ്രതികരിക്കാനാവാത്ത അലാസ്‌ക മുതല്‍ വടക്കന്‍ ക്യൂബെക്ക് വരെയുള്ള ശീതയുദ്ധകാലത്തെ പഴയ നോര്‍ത്ത് വാണിംഗ് സിസ്റ്റത്തിലെ റഡാര്‍ സ്റ്റേഷനുകള്‍ക്ക് പകരമായിരിക്കും പുതിയ ശൃംഖല.
വടക്കന്‍ മേഖലയില്‍ വര്‍ഷം മുഴുവനും കാനഡയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ഒട്ടാവ 420 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കും.
കാനഡയെ സുരക്ഷിതമാക്കുക എന്നത് സര്‍ക്കാരിന്റെ തന്ത്രപരമായ മുന്‍ഗണനയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കാര്‍ണി പറഞ്ഞു.
ട്രൂഡോ പ്രധാനമന്ത്രിയായിരിക്കെയാണ് മെച്ചപ്പെടുത്തിയ ആര്‍ട്ടിക് റഡാറിനുള്ള ധനസഹായം പ്രഖ്യാപിച്ചതെങ്കിലും ഓസ്ട്രേലിയയുമായുള്ളി പങ്കാളിത്ത തീരുമാനം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
ഈ മാസം കാനഡ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ എയര്‍സ്ട്രിപ്പുകളും ഉപകരണ ഡിപ്പോകളുമുള്ള മൂന്ന് പുതിയ ആര്‍ട്ടിക് സൈനിക കേന്ദ്രങ്ങള്‍ക്കുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കാനഡയുടെ പുതിയ പ്രധാനമന്ത്രിമാര്‍ അധികാരമേറ്റതിനുശേഷം സാധാരണയായി അമേരിക്കന്‍ പ്രസിഡന്റിനെ വിളിക്കുന്നത് പ്രഥമ പരിഗണനയായി കാണാറുണ്ടെങ്കിലും ട്രംപിന്റെ താരിഫുകളെ തുടര്‍ന്നുണ്ടായ വ്യാപാര യുദ്ധം കാര്‍ണി യു എസ് പ്രസിഡന്റിനെ വിളിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇരുവരും തമ്മില്‍ എപ്പോള്‍ സംസാരിക്കുമെന്ന് വ്യക്തമല്ല.
'ഉചിതമായ സമയത്ത്' വ്യാപാരത്തെക്കുറിച്ച് ട്രംപുമായി 'സമഗ്ര' ചര്‍ച്ച നടത്തുമെന്നാണ് കാര്‍ണി പറഞ്ഞത്.
