ടൊറന്റോ: രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സാധ്യത കൂടുതലുള്ളവരെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി കാനഡ പൊതുജനാരോഗ്യ ഏജന്‍സി അരലക്ഷം ഡോസ് ഏവിയന്‍ ഫ്‌ളൂ വാക്‌സിനുകള്‍ വാങ്ങി. എന്നാല്‍ അപകട സാധ്യത തീരെ കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
ആഗോളതലത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള കേസുകളില്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് വൈറസ് പടരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് പൊതുജനാരോഗ്യ ഏജന്‍സി അറിയിച്ചു.
അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിഎസ്‌കെയാണ് വാക്‌സിനുകള്‍ വിതരണം ചെയ്തത്. ഏകദേശം 60 ശതമാനം ഡോസുകളും പ്രവിശ്യകളിലും പ്രദേശങ്ങളിലും വിതരണം ചെയ്യും. ശേഷിക്കുന്ന 40 ശതമാനം ഫെഡറല്‍ സ്റ്റോക്കില്‍ സൂക്ഷിക്കും.
ഷോട്ടുകള്‍ എങ്ങനെ മികച്ച രീതിയില്‍ നല്‍കണമെന്ന് തീരുമാനിക്കേണ്ടത് പ്രവിശ്യകളുടെയും പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണ്. കേസുകള്‍ നിരീക്ഷിക്കാനും ദേശീയ തന്ത്രങ്ങള്‍ ആവശ്യാനുസരണം ക്രമീകരിക്കാനും ഫെഡറല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ സഹായിക്കും. നിലവില്‍ വാക്‌സിന്‍ ശിപാര്‍ശ ചെയ്യുന്നില്ലെന്നും പൊതുജനാരോഗ്യ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.
2024 നവംബര്‍ 9ന് കാനഡയില്‍ ആദ്യമായി തദ്ദേശീയമായി മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്നത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ജാഗ്രത കൂടുതല്‍ മനുഷ്യരിലേക്ക് പടരുന്നത് തടയാന്‍ സഹായിക്കുമെന്ന് ഏജന്‍സി എഴുതി.
പക്ഷിക്കൂട്ടങ്ങള്‍ക്കിടയില്‍ ഏകദേശം 35 സ്ഥലങ്ങളിലായി പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നു. അവയില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് കൊളംബിയയിലാണ്.
