എഡ്മന്റണ്‍: കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ മലയാളിയായ 44കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായി. ജോസ് മാജോ പുലിക്കോട്ടില്‍ എന്നയാളെയാണ് എഡ്മന്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. പ്രതിക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളില്‍നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഓഗസ്റ്റ് 17നാണ് സംഭവവുമായി ബന്ധപ്പെട്ട ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി. 2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരിക്കെ പ്രതിയില്‍നിന്ന് ആവര്‍ത്തിച്ച് ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം.
പരാതികളില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് ഒക്ടോബര്‍ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമക്കേസുകള്‍, ലൈംഗിക ചൂഷണം, ലൈംഗിക സ്പര്‍ശനത്തിന് പ്രേരിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്തയാളുമായുള്ള ലൈംഗിക ഇടപെടല്‍ എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെയാണ് പ്രതിയെ വിട്ടയച്ചത്.
പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നീന്തല്‍ക്കുളങ്ങള്‍, സ്‌കൂളുകള്‍, ഡേകെയര്‍ കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍പരമായ സാഹചര്യങ്ങളിലൊഴികെ 16 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരുമായി ഇടപഴകാനും പാടില്ല. പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. അത്തരത്തിലുള്ളവര്‍ 7804234567 എന്ന നമ്പറിലോ മൊബൈല്‍ ഫോണില്‍ നിന്ന് #377 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് എഡ്മന്റണ്‍ പൊലീസ് അഭ്യര്‍ഥിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് പ്രാദേശിക പിന്തുണാ സേവനങ്ങള്‍ വഴിയും പൊലീസിന്റെ െ്രെകം ആന്‍ഡ് ട്രോമ ഇന്‍ഫോംഡ് സപ്പോര്‍ട്ട് സര്‍വീസസ് വഴിയും സഹായം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
കാനഡയില്‍ ലൈംഗികാതിക്രമ കേസില്‍ മലയാളി അറസ്റ്റില്‍; അഞ്ച് കുറ്റങ്ങള്‍ ചുമത്തി
