വാഷിങ്ടണ്‍: യുക്രെയ്ന്‍ യുദ്ധം സമ്പൂര്‍ണ രക്തച്ചൊരിച്ചിലായി മാറിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്പിലുടനീളമുള്ള സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാന കരാറിന് വഴിയൊരുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. റഷ്യയും യുക്രെയ്‌നും തമ്മില്‍ എത്രയും വേഗം സമാധാന കരാറിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയില്‍ കഴിഞ്ഞയാഴ്ച പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഏറെനേരം ചര്‍ച്ച ചെയ്തതായി ട്രംപ് പറഞ്ഞു. പ്രതിമാസം ആയിരക്കണക്കിന് ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ധാരണയിലെത്താനുള്ള സാധ്യത ശക്തമാണെന്നും വ്യാഴാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.
2022ല്‍ ആരംഭിച്ച റഷ്യയുക്രെയ്ന്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ ഏതെല്ലാം സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നോ സമാധാന കരാറിനായി എന്തെല്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെന്നോ അദ്ദേഹം വിശദീകരിച്ചിട്ടില്ല. യുക്രെയ്‌നു പുറമെ യൂറോപ്പിലെ മറ്റു മേഖലകളിലെ റഷ്യന്‍ സൈനിക നീക്കങ്ങളും അവസാനിപ്പിക്കണമെന്ന സൂചനയാണ് ട്രംപിന്റെ പ്രസ്താവനയിലുള്ളത്.
അതിനിടെ, തങ്ങളുടെ വ്യോമാതിര്‍ത്തി റഷ്യ മനഃപൂര്‍വം ലംഘിച്ചതായി നേറ്റോ അംഗരാജ്യമായ പോളണ്ട് ഈയാഴ്ച ആരോപിച്ചിരുന്നു. എസ്‌റ്റോണിയയില്‍ അടുത്തിടെ നടന്ന തീവെപ്പ് സംഭവത്തിന് പിന്നില്‍ റഷ്യന്‍ സൈനിക ഇന്റലിജന്‍സ് വിഭാഗമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ഏഷ്യപസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയായിരുന്നു ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുത്ത ത്രികക്ഷി ഉച്ചകോടിയിലും ട്രംപ് പങ്കെടുത്തു. റഷ്യയുമായും ചൈനയുമായും നേരിട്ടുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ആഗോള സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കുമേല്‍ അമേരിക്ക ആവശ്യമായ സമ്മര്‍ദം ചെലുത്തുന്നുണ്ടോയെന്ന കാര്യത്തില്‍ വിമര്‍ശകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, ട്രംപിന്റെ മരുമകനും നയതന്ത്ര പ്രതിനിധിയുമായ ജാരഡ് കുഷ്‌നര്‍ പുടിനെ പ്രശംസിച്ച് രംഗത്തെത്തി. ജര്‍മന്‍ മാധ്യമഗ്രൂപ്പായ ആക്‌സല്‍ സ്പ്രിംഗറിന്റെ മേധാവി മത്തിയാസ് ഡോപ്ഫ്‌നറുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പുടിനെ 'രാഷ്ട്രീയത്തിലെ അതികായന്‍' എന്നും 'ചരിത്രപുരുഷന്‍' എന്നുമാണ് കുഷ്‌നര്‍ വിശേഷിപ്പിച്ചത്. യുദ്ധം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത നിലനിന്നിട്ടും ആണവായുധങ്ങള്‍ പ്രയോഗിക്കാതിരുന്നതിലൂടെ പുടിന്‍ സംയമനം പാലിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനവും അമേരിക്കയുമായുള്ള മെച്ചപ്പെട്ട ബന്ധവുമാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്നും കുഷ്‌നര്‍ പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധം 'രക്തക്കളമായി'; സൈനിക നീക്കം അവസാനിപ്പിക്കാന്‍ പുടിനോട് ആവശ്യപ്പെട്ടെന്ന് ട്രംപ്
