ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ധാരണയിലെത്തുന്നതിനുള്ള മാര്‍ഗങ്ങളിലും പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 25 ശതമാനം വരെ പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ദേശിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഓണ്‍ലൈനായി നടന്ന ഇന്ത്യ ഡെബ്റ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഉച്ചകോടി 2026ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തോടടുക്കുകയാണ്. കരാര്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നിന്നിരുന്ന നടപടിക്രമങ്ങളും തുടര്‍നടപടികള്‍ക്കുള്ള വഴികളും ഇപ്പോള്‍ രൂപം പ്രാപിച്ചുവരികയാണ്'- പിയൂഷ് ഗോയല്‍ പറഞ്ഞു.
നിര്‍മാണ മേഖലയിലെ ഘടനാപരമായ അമിത ഉത്പാദനശേഷി സംബന്ധിച്ച ആരോപണത്തില്‍ സെക്ഷന്‍ 301 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താന്‍ യു എസ് വ്യാപാര പ്രതിനിധി നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടെത്തലുകള്‍ പരിഹരിക്കുന്ന തരത്തില്‍ ഇന്ത്യ പരസ്പര വ്യാപാര കരാറിലെത്തിയാല്‍ നിര്‍ദിഷ്ട തീരുവ 17 ശതമാനമായി കുറയ്ക്കാമെന്നും അമേരിക്ക സൂചിപ്പിച്ചിട്ടുണ്ട്.
2027 ജനുവരി 25 മുതല്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനും ഹിയറിങ്ങുകള്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ കണ്ടെത്തലുകളെ ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗോയല്‍ പറഞ്ഞു. 2027 മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 38 വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൊത്തം 70 ലക്ഷം കോടി ഡോളര്‍ സംയോജിത ജി ഡി പിയുള്ള സമ്പദ്വ്യവസ്ഥകളിലേക്ക് മുന്‍ഗണനാ വിപണി പ്രവേശനമാണ് ഇതിലൂടെ ലഭിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന എട്ടോ ഒമ്പതോ കരാറുകള്‍ കൂടി യാഥാര്‍ഥ്യമായാല്‍ ഈ വിപണിയുടെ സംയോജിത ജി ഡി പി 85 ലക്ഷം കോടി ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണവിലയിലെ ചാഞ്ചാട്ടം, തീരുവയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ എന്നിവയുണ്ടായിട്ടും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തിയതായി ഗോയല്‍ പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. മൊത്തം സ്ഥിര മൂലധന രൂപീകരണത്തില്‍ ഏകദേശം 12 ശതമാനവും ബാങ്ക് വായ്പയില്‍ 19 ശതമാനവും വളര്‍ച്ചയുണ്ടായി.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴു മാസങ്ങളില്‍ കയറ്റുമതി ഏകദേശം 57,000 കോടി ഡോളറിലെത്തി. ഒക്ടോബറിലെ കയറ്റുമതി റെക്കോഡ് നിലവാരമായ 9,000 കോടി ഡോളറിനടുത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശരിയായ പാതയിലാണ് രാജ്യമെന്നും ഗോയല്‍ വ്യക്തമാക്കി.
സെമികണ്ടക്ടര്‍ നിര്‍മാണം, വൈദ്യുതി വിതരണ ശൃംഖല, ഡേറ്റാ സെന്ററുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപം മൂലധനത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു.
വന്‍കിട കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മൂലധനച്ചെലവിനുള്ള ധനസമാഹരണത്തിന് ബോണ്ട് വിപണിക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീര്‍ഘകാല കടപ്പത്ര നിക്ഷേപങ്ങള്‍ക്ക് സ്ഥാപന നിക്ഷേപകര്‍ പിന്തുണ നല്‍കണമെന്നും എഎഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കടപ്പത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് സാധ്യതകളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോണ്ടുകളുടെ വ്യാപാരം കൂടുതല്‍ എളുപ്പമാക്കേണ്ടതിന്റെ ആവശ്യകതയും ഗോയല്‍ ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിലെന്നപോലെ ബോണ്ടുകളും തത്സമയം എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
