കാനഡ പ്രധാനമന്ത്രി കാര്‍ണി ഞായറാഴ്ച ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

കാനഡ പ്രധാനമന്ത്രി കാര്‍ണി ഞായറാഴ്ച ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും


ടൊറന്റോ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഞായറാഴ്ച ഇടക്കാല ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഈ വര്‍ഷം ഒക്ടോബറില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാര്‍ച്ച് 9ന് ലിബറല്‍ പാര്‍ട്ടി നേതാവായി കാര്‍ണി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതോടെ  ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് ലഭിച്ച മുന്‍തൂക്കം മുതലെടുക്കാനായിരിക്കും കാര്‍ണി ഇടക്കാല തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുക. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി അദ്ദേഹം കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ച ആല്‍ബെര്‍ട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മണ്ടണില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത കാര്‍ണി കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം ആദ്യം തീരുമാനം അറിയിക്കേണ്ടത് ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ ആണെന്ന് പറഞ്ഞു. എന്നാല്‍, 'ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന് ശക്തവും വ്യക്തവുമായ ഒരു ജനവിധി ആവശ്യമാണ്' എന്ന് അദ്ദേഹം പറഞ്ഞു.

എഡ്മണ്ടന്റെ ഇന്തോ- കനേഡിയന്‍ മേയര്‍ അമര്‍ജീത് സോഹിക്കൊപ്പമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. 2015 മുതല്‍ 2019 വരെ ഫെഡറല്‍ മന്ത്രിയായിരുന്ന സോഹി അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാര്‍ണി നിയമിക്കുന്നവരില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. 

രാജ്യത്തിന് തങ്ങള്‍ ഒരു നല്ല മാറ്റം വാഗ്ദാനം ചെയ്യുന്നുവെന്ന് കാര്‍ണി പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെയേക്കാള്‍ ലിബറലുകളുമായി പ്രവര്‍ത്തിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ഗൗരവമുള്ള ഒരു വ്യക്തിയുമായി ചര്‍ച്ചകള്‍ നടത്താന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ടാകുമെന്നാണ് മറുപടി പറഞ്ഞത്. 

പാര്‍ലമെന്റ് വീണ്ടും യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന തിയ്യതിക്ക് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാജിവയ്ക്കാന്‍ ട്രൂഡോ തീരുമാനിച്ചതോടെ ജനുവരി ആറിന് ഹൗസ് ഓഫ് കോമണ്‍സ് നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച് ഒന്‍പതിന് പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രേഖപ്പെടുത്തിയ ഏകദേശം 86 ശതമാനം വോട്ടുകള്‍ നേടിയാണ് കാര്‍ണി നേതൃത്വ മത്സരത്തില്‍ എളുപ്പത്തില്‍ വിജയിച്ചത്.

പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 20 പോയിന്റുകള്‍ക്ക് പിന്നിലാണ് ഭരണകക്ഷിയെങ്കിലും സമീപകാല സര്‍വേകള്‍ പ്രകാരം മുന്നേറ്റം കാണുന്നുണ്ട്. കാനഡയെ യു എസുമായി കൂട്ടിച്ചേര്‍ക്കണമെന്ന ട്രംപിന്റെ ഭീഷണികള്‍ ഉള്‍പ്പെടെ ലഭിച്ച അനുകൂല വികാരം പ്രയോജനപ്പെടുത്താന്‍ കാര്‍ണി ശ്രമം നടത്തും. 

ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വേ പ്രകാരം ലിബറലുകള്‍ ഡിസംബര്‍ അവസാനത്തില്‍ 29 പോയിന്റുകള്‍ക്ക് പിന്നിലായിരുന്ന ശേഷം ദേശീയതലത്തില്‍ അഞ്ച് പോയിന്റ് വോട്ട് ഉദ്ദേശ്യ നേട്ടത്തിലേക്ക് കുതിക്കുന്നുണ്ട്. 

ഡിസംബറില്‍ ട്രൂഡോയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലാപം വളര്‍ന്നപ്പോള്‍ പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 45 ശതമാനം പിന്തുണയും ലിബറലുകള്‍ക്ക് 16 ശതമാനവുമായിരുന്നു. നിലവില്‍, കണ്‍സര്‍വേറ്റീവുകളുടെ പിന്തുണ 37 ശതമാനമായി കുറഞ്ഞു.

എ ആര്‍ ഐ ഡേറ്റ പ്രകാരം 2016 മുതല്‍ ലിബറലുകള്‍ക്ക് വലിയ ഭൂരിപക്ഷമില്ല. 2015-ല്‍ ട്രൂഡോ പാര്‍ട്ടിയെ ഭൂരിപക്ഷത്തിലേക്ക് നയിക്കുകയും ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്‌തെങ്കിലും തുടര്‍ന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളില്‍ 2019-ലും 2021-ലും അദ്ദേഹത്തിന് ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സര്‍ക്കാരുകള്‍ക്കാണ് നേതൃത്വം നല്‍കിയത്.

കാനഡ പ്രധാനമന്ത്രി കാര്‍ണി ഞായറാഴ്ച ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും