ടൊറന്റോ: സാമ്പത്തിക സംയോജനത്തെയും സൈനിക സഹകരണത്തെയും അടിസ്ഥാനമാക്കിയുള്ള അമേരിക്കയുമായുള്ള പരമ്പരാഗത ബന്ധത്തിന്റെ യുഗം 'അവസാനിച്ചു'വെന്ന് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കര്‍ണി. അമേരിക്ക അടുത്തതായി എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വ്യക്തമായ കാര്യം കാനഡയ്ക്ക് അധികാരമുണ്ടെന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വീട്ടില്‍ നമ്മള്‍ യജമാനന്മാരാണെന്നും കര്‍ണി പറഞ്ഞു. കാനഡ- യു എസ് ബന്ധങ്ങളെക്കുറിച്ച് കാബിനറ്റ് കമ്മിറ്റിയുമായുള്ള അടിയന്തര യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം പറഞ്ഞത്.
മാര്‍ച്ച് 14ന് പുതിയ കനേഡിയന്‍ പ്രധാനമന്ത്രി അധികാരമേറ്റതിനുശേഷം ട്രംപും കര്‍ണിയും സംസാരിച്ചിട്ടില്ല. 'അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍' യു എസ് പ്രസിഡന്റുമായി ഒരു സംഭാഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ലിബറല്‍ പാര്‍ട്ടി നേതാവ് പറഞ്ഞു. പക്ഷേ ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതിയൊന്നും അദ്ദേഹം സൂചിപ്പിച്ചില്ല.
സമഗ്രമായ ചര്‍ച്ചകളിലൂടെ കുറച്ച് വിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുമെങ്കിലും ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും അടുത്ത സര്‍ക്കാരിനും തുടര്‍ന്നുള്ള എല്ലാ സര്‍ക്കാരിനും അമേരിക്കയുമായി അടിസ്ഥാനപരമായി വ്യത്യസ്തമായ ബന്ധമായിരിക്കും ഉണ്ടായിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റീല്‍, അലുമിനിയം എന്നിവയുള്‍പ്പെടെ ഒട്ടാവയുടെ കയറ്റുമതിയില്‍ ട്രംപ് ഏര്‍പ്പെടുത്തിയ താരിഫിന് മറുപടിയായി കാനഡ 41.9 ബില്യണ്‍ ഡോളറിന്റെ യു എസ് ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തി തിരിച്ചടിച്ചിരുന്നു. ആഭ്യന്തരമല്ലാത്ത ഘടകങ്ങളുള്ള വാഹനങ്ങള്‍ക്ക് ട്രംപ് ഏറ്റവും പുതിയ 25 ശതമാനം താരിഫിന് മറുപടിയായി ഏകദേശം 66 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഇറക്കുമതികള്‍ക്ക് കൂടുതല്‍ താരിഫ് ചുമത്തുമെന്നും കര്‍ണിയുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പ്രതികാര നടപടികളുടെ കൃത്യമായ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ട്രംപിന്റെ വ്യാപാര നടപടികള്‍ കാത്തിരുന്ന് കാണാന്‍ കാര്‍ണി തീരുമാനിച്ചു. തങ്ങള്‍ പിന്മാറില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും തൊഴിലാളികളെയും രാജ്യത്തെയും സംരക്ഷിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയെ 51-ാമത്തെ യു എസ് സംസ്ഥാനം ആയി മാറാന്‍ ആവര്‍ത്തിച്ച് പ്രേരിപ്പിച്ച ട്രംപിന്റെ ഭീഷണികള്‍ക്ക് മറുപടി നല്‍കുന്നതില്‍ കനേഡിയന്‍മാരില്‍ നിന്ന് ശക്തമായ ജനവിധി തേടുന്നതിനായി ഏപ്രില്‍ 28ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിയറി പൊയിലീവ്രെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ശക്തമാായ മത്സരമാണ് നടക്കുന്നതെങ്കിലും ട്രൂഡോയുടെ രാജിക്ക് ശേഷം ലിബറല്‍ പാര്‍ട്ടി അവരുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
