എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ ഇന്ത്യന്‍ നടി എക്‌സിലെത്തി; കുടുങ്ങി മറുപടി നല്‍കി വിമാനക്കമ്പനി

എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ ഇന്ത്യന്‍ നടി എക്‌സിലെത്തി; കുടുങ്ങി മറുപടി നല്‍കി വിമാനക്കമ്പനി


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍- ഇന്ത്യന്‍ നടി ലിസ റായ്. എക്‌സിലൂടെയാണ് അവര്‍ എയര്‍  ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

നടിയുടെ 92കാരന്‍ പിതാവിന് രോഗങ്ങളെ തുടര്‍ന്ന് നിശ്ചയിച്ച യാത്ര ചെയ്യാന്‍ സാധിച്ചില്ല. ഇതില്‍ റീഫണ്ട് വേണമെന്ന് എയര്‍ ഇന്ത്യയോട് അവര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ ഇതിനു തയാറായില്ല. അതോടെയാണ് അവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

'92കാരനായ പിതാവിന് അസുഖം മൂലം നിശ്ചയിച്ചിരുന്ന യാത്ര ചെയ്യാനായില്ല. അതിനാല്‍ റീഫണ്ട് ആവശ്യപ്പെട്ട് ഡോക്ടറുടെ കത്ത് അടക്കം വച്ച് എയര്‍ ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. സഹാനുഭൂതിയെന്ന വികാരം എയര്‍ ഇന്ത്യയ്ക്ക് ഇല്ലേ' എന്നും ലിസ എക്‌സില്‍ കുറിച്ചു.

99 സോങ്‌സ്, കസൂര്‍, ഇഷ്‌ക് ഫോറെവര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ലിസ. ലിസയുടെ എക്‌സിലെ കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. 'നിങ്ങളുടെ ആശങ്ക ഞങ്ങള്‍ മനസിലാക്കുന്നു. പിതാവ് പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയാണ്. താങ്കളെ സഹായിക്കുന്നതിനായി എയര്‍ ഇന്ത്യയ്ക്ക് മെയില്‍ അയച്ച ഇ മെയില്‍ ഐഡി ഉള്‍പ്പടെ പങ്കു വയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്' എന്നും കമ്പനി വ്യക്തമാക്കി.

തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ട്രാവല്‍ ഏജന്‍സിക്ക് അയച്ച മെയിലും അവര്‍ അതിനു നല്‍കിയ മറുപടിയും ലിസ പങ്കുവച്ചു. റീഫണ്ട് നല്‍കാനാകില്ലെന്നായിരുന്നു ഇ മെയിലിന് ട്രാവല്‍ ഏജന്‍സി നല്‍കിയ മറുപടി. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ സമയം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ രംഗത്തെത്തി.


എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ ഇന്ത്യന്‍ നടി എക്‌സിലെത്തി; കുടുങ്ങി മറുപടി നല്‍കി വിമാനക്കമ്പനി