ഒട്ടാവ / ന്യൂഡൽഹി : കാനഡ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന. യൂറേനിയം, ഊർജം, ഖനിജങ്ങൾ, കൃത്രിമ ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ പ്രധാന കരാറുകൾ ഒപ്പുവെക്കാനാണ് സാധ്യതയെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്‌നായിക് അറിയിച്ചു.
അമേരിക്കയെ ആശ്രയിച്ചിരുന്ന വ്യാപാരബന്ധങ്ങൾ പുനഃസംഘടിപ്പിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് തിരിയുകയാണ് കാനഡ. ദാവോസിൽ നടത്തിയ പ്രസംഗത്തിൽ 'നിയമാധിഷ്ഠിത ആഗോളക്രമം അവസാനിച്ചു' എന്ന് പ്രഖ്യാപിച്ച കാർണി, മധ്യശക്തി രാജ്യങ്ങൾ ചേർന്ന് കൂടുതൽ നീതിയുള്ള ലോകവ്യവസ്ഥ രൂപപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ജസ്റ്റിൻ ട്രൂഡോ കാലത്ത് പിരിമുറുക്കത്തിലായ ഇന്ത്യ-കാനഡ ബന്ധം പുന:സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാർണി സന്ദർശനം. 2023ൽ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം കാർണിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി7 ഉച്ചകോടിയിൽ പങ്കെടുത്തത് ബന്ധം ഊഷ്മളമാക്കാനുള്ള ആദ്യ ചുവടായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുമായി കമ്പ്രഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് (CEPA) ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും പട്‌നായിക് വ്യക്തമാക്കി. ആണവോർജം, എണ്ണ-വാതകം, പരിസ്ഥിതി, എഐ, ക്വാണ്ടം കംപ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ സഹകരണ ധാരണകൾ ഒപ്പുവെക്കാനാണ് പദ്ധതി.
പത്ത് വർഷത്തേക്കുള്ള 2.8 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള യൂറേനിയം വിതരണ കരാറും പരിഗണനയിലുണ്ടെന്ന് ഹൈക്കമ്മീഷണർ പറഞ്ഞു. ഇന്ത്യയുടെ സിവിലിയൻ ആണവോർജ പദ്ധതികൾക്ക് കാനഡ നിർണായക പങ്കാളിയാകുമെന്നാണ് വിലയിരുത്തൽ. നിർണായക ഖനിജങ്ങൾ, ക്രൂഡ് ഓയിൽ, എൽഎൻജി ഇടപാടുകൾ സംബന്ധിച്ച കരാറുകളും പ്രഖ്യാപിക്കാനിടയുണ്ട്.
അമേരിക്കൻ തീരുവ ഭീഷണി ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യ-കാനഡ വ്യാപാര ചർച്ചകൾക്ക് വേഗം കൂടുന്നത്. യുഎസിനു പുറമേയുള്ള കയറ്റുമതി അടുത്ത പത്ത് വർഷത്തിനിടെ ഇരട്ടിയാക്കുകയാണ് കാനഡയുടെ ലക്ഷ്യം.
ഇതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടുത്ത മാസം ഒട്ടാവ സന്ദർശിക്കുമെന്നും, കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും പട്‌നായിക് വ്യക്തമാക്കി. ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ധനമന്ത്രി നിർമല സീതാരാമനും ഉടൻ കാനഡ സന്ദർശിക്കുമെന്നാണ് സൂചന.
മാർച്ച് ആദ്യവാരം കാനഡ പ്രധാനമന്ത്രി മാർക് കാർണി ഇന്ത്യ സന്ദർശിച്ചേക്കും; യൂറേനിയം-ഊർജ-എഐ കരാറുകൾക്ക് സാധ്യത
