ലൈംഗികകുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം വീണ്ടും വിവാദമായതോടെ, ബ്രിട്ടന്റെ മുൻ അമേരിക്കൻ സ്ഥാനപതി പീറ്റർ മാന്റൽസൺ അറസ്റ്റിലായി. ഔദ്യോഗിക സ്ഥാനദുരുപയോഗം നടത്തിയെന്ന സംശയത്തിലാണ് തിങ്കളാഴ്ച ലണ്ടൻ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
ലണ്ടനിലെ ക്യാംഡനിലെ വീട്ടിൽ നിന്നാണ് എഴുപത്തിരണ്ടുകാരനായ മാന്റൽസനെ പൊലീസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. ക്യാംഡനും വില്ഷയറും ഉൾപ്പെടെ രണ്ട് ഇടങ്ങളിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എപ്സ്റ്റീന്റെ അൻപതാം ജന്മദിനത്തിന് തയ്യാറാക്കിയ 'ജന്മദിന പുസ്തകത്തിൽ' എപ്സ്റ്റീനിനെ 'എറ്റവും അടുത്ത സുഹൃത്ത്' എന്നു വിശേഷിപ്പിച്ചതാണ് മാന്റൽസനിനെതിരായ വിമർശനം ശക്തമാക്കിയത്. തുടർന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ അമേരിക്കൻ സ്ഥാനപതിസ്ഥാനത്തിൽ നിന്ന് അദ്ദേഹം പുറത്താക്കി.
സംഭവങ്ങളോട് അനുബന്ധിച്ച് ലേബർ പാർട്ടി അംഗത്വം രാജിവെച്ച മാന്റൽസൻ, പാർട്ടിക്ക് കൂടുതൽ നാണക്കേട് ഒഴിവാക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വേദന ഏറെക്കാലം അവഗണിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ഇതിനിടെ അമേരിക്കൻ നീതിന്യായ വകുപ്പു പുറത്തുവിട്ട ഇമെയിൽ രേഖകൾ വിവാദം കൂടുതൽ കടുപ്പിച്ചു. മന്ത്രിയായിരിക്കെ സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാന്റൽസൻ എപ്സ്റ്റീനുമായി പങ്കുവച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. സർക്കാർ സ്വത്തുക്കൾ വിറ്റഴിച്ച് ധനം കണ്ടെത്താനായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കിയ ഉപദേശം അടങ്ങിയ കുറിപ്പും എപ്സ്റ്റീന് അയച്ചതായി ഇ മെയിലുകളിൽ പറയുന്നു. യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രഖ്യാപിക്കാനിരുന്ന ധനസഹായ പാക്കേജിന്റെ സമയക്രമം സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചതായി രേഖകളിലുണ്ട്.
ബാങ്കർമാരുടെ ബോണസിന് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇടപെടലുകൾ നടത്തിയതായും, ധനകാര്യ പ്രമുഖരെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചതായും ഇമെയിൽ പരമ്പരകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീൻ കുറ്റം സമ്മതിച്ച ശേഷവും അദ്ദേഹവുമായി ബന്ധം തുടരുകയും, അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കുകയും, സമ്മാനങ്ങളും സാമ്പത്തിക സഹായവും സ്വീകരിക്കുകയും ചെയ്തതായി രേഖകൾ പറയുന്നു. മാന്റൽസന്റെ പങ്കാളിയുടെ വിദ്യാഭ്യാസച്ചെലവിനായി പണം കൈമാറിയതായും പിന്നീട് ഇരുവരും തമ്മിൽ പിണക്കം ഉണ്ടായതായും ഇമെയിലുകൾ സൂചിപ്പിക്കുന്നു.
എപ്സ്റ്റീൻ രേഖകളെ ആധാരമാക്കി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്.
എപ്സ്റ്റീൻ രേഖകളുടെ പശ്ചാത്തലത്തിൽ യുഎസിലെ മുൻ ബ്രിട്ടീഷ് സ്ഥാനപതി അറസ്റ്റിൽ; ഗുരുതര ആരോപണങ്ങൾ
