ന്യൂഡല്‍ഹി: റാഞ്ചിയിലെ ബിര്‍സ മുണ്ട എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന മെഡിക്കല്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണു. എയര്‍ ആംബുലന്‍സില്‍ ഏഴ് പേരാണുണ്ടായിരുന്നത്. ഡല്‍ഹി ആസ്ഥാനമായ റെഡ്‌ബേര്‍ഡ് എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബിഇ9എല്‍ ആണ് തകര്‍ന്നു വീണത്.
വിമാനം വൈകിട്ട് 7:11 ന് റാഞ്ചിയില്‍ നിന്ന് പറന്ന് പത്ത് മണിയോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ 7:34ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം ഝാര്‍ഖണ്ഡിലെ പാലാമു മേഖലയിലാണ് തകര്‍ന്നുവീണത്.
അടിയന്തര ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 41കാരനായ സഞ്ജയ് കുമാര്‍, അദ്ദേഹത്തിന്റെ കൂടെ അര്‍ച്ചനാ ദേവി, ധുരു കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മെഡിക്കല്‍ സംഘത്തില്‍ ഡോ. വികാഷ് കുമാര്‍ ഗുപ്തയും പാരാമെഡിക് സച്ചിന്‍ കുമാര്‍ മിശ്രയും പൈലറ്റുമാരായി വിവേക് വികാസ് ഭഗത്, സവ്രാജ്ദീപ് സിംഗ് എന്നിവരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംസ്ഥാന അധികാരികളും ഡി ജി സി എയും ചേര്‍ന്ന് തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അന്വേഷണത്തിനായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഘം സ്ഥലത്തേക്ക് പോയതായും അറിയിച്ചു.
