ട്രംപിനെതിരായ രഹസ്യ സൈനിക രേഖകളുടെ കേസിലെ റിപ്പോര്‍ട്ട് തടഞ്ഞ് യു എസ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്

ട്രംപിനെതിരായ രഹസ്യ സൈനിക രേഖകളുടെ കേസിലെ റിപ്പോര്‍ട്ട് തടഞ്ഞ് യു എസ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രഹസ്യ സര്‍ക്കാര്‍ രേഖകള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവിടുന്നത് സ്ഥിരമായി തടയാന്‍ യു എസിലെ ഫെഡറല്‍ ജഡ്ജി നീതിന്യായ വകുപ്പിന് ഉത്തരവിട്ടു.

ട്രംപ് നിയമിച്ച യു എസ് ജില്ലാ ജഡ്ജിയായ ഐലീന്‍ കാനന്‍ ട്രംപിന്റെയും മുന്‍ കൂട്ടുപ്രതികളായ വാള്‍ട്ട് നൗട്ട, കാര്‍ലോസ് ഡി ഒലിവെറിയ എന്നിവരുടെയും ഹര്‍ജി അംഗീകരിച്ചാണ് മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം വാള്യം പുറത്തുവിടുന്നത് സ്ഥിരമായി തടയാന്‍ ഉത്തരവിട്ടത്.

കോടതി ഉത്തരവ് പ്രകാരം അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും അവരുടെ പിന്‍ഗാമികളും റിപ്പോര്‍ട്ടിന്റെ ആ ഭാഗം പുറത്തുവിടുകയോ പങ്കുവെക്കുകയോ ചെയ്യാന്‍ പാടില്ല. ബോണ്ടിയുടെ നേതൃത്വത്തിലുള്ള നീതിന്യായ വകുപ്പ് ട്രംപിനെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് പിന്മാറി തെളിവുകള്‍ സ്ഥിരമായി സീല്‍ ചെയ്യുന്നതിനുള്ള നിലപാട് സ്വീകരിച്ചു. 

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റതിന് ശേഷം ഫലങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങളും ആദ്യ കാലാവധി അവസാനിച്ചതിന് ശേഷം ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള തന്റെ വസതിയില്‍ അമേരിക്കന്‍ സൈനിക- ആണവ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സൂക്ഷിച്ചെന്ന ആരോപണങ്ങളും പരിശോധിച്ച അന്വേഷണത്തെക്കുറിച്ചായിരുന്നു ജാക്ക് സ്മിത്തും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ രണ്ട് വാള്യങ്ങളുള്ള റിപ്പോര്‍ട്ട്.

ജഡ്ജി കാനണ്‍ തന്റെ വിധിയില്‍ നിയമപരമായ അധികാരമില്ലാതെ സ്മിത്ത് അന്വേഷണം നടത്തിയതായി ആവര്‍ത്തിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ സംഘം തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് പൊതുവിതരണത്തിന് നിയമപരമായി അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട വന്‍ തോതിലുള്ള രേഖകളും ഗ്രാന്‍ഡ് ജൂറി വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ ഇടയാകുമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.