വാഷിംഗ്ടണ്‍: കരാറുകളില്‍ നിന്ന് പിന്മാറുകയോ വീണ്ടും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയോ ചെയ്താല്‍
അമേരിക്കയുടെ വ്യാപാര പങ്കാളി രാജ്യങ്ങള്‍ക്ക് കനത്ത താരിഫ് ചുമത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. വര്‍ഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്ത രാജ്യങ്ങള്‍ അടുത്തിടെ സമ്മതിച്ച നിരക്കുകളേക്കാള്‍ വളരെ ഉയര്‍ന്ന താരിഫുകള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
'അസംബന്ധമായ സുപ്രിം കോടതി വിധിയുമായി കളിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടും' എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വ്യാപാരികള്‍ ജാഗ്രത എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചത്.
അമേരിക്കയെ വര്‍ഷങ്ങളായി വഞ്ചിച്ച രാജ്യങ്ങള്‍ ഈ സുപ്രിം കോടതി വിധിയെ മുതലെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ അടുത്തിടെ സമ്മതിച്ച താരിഫിനേക്കാള്‍ കൂടുതലും അതിലും മോശമായ നടപടികളും നേരിടേണ്ടിവരും എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
സുപ്രിം കോടതി ആഗോള താരിഫുകള്‍ റദ്ദാക്കിയതിന് പിന്നാലെ ഉണ്ടായ നിയമപരമായ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉന്നതതല വ്യാപാര പ്രതിനിധി സംഘത്തിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനം മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 23ന് ആരംഭിക്കേണ്ടിയിരുന്ന സന്ദര്‍ശനം സുപ്രിം കോടതിയുടെ വിധിയെ തുടര്‍ന്ന് നിയമപരമായ വ്യക്തത തേടാനാണ് ന്യൂഡല്‍ഹി മാറ്റിവെച്ചത്. ഇതോടെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന ഇടക്കാല കരാറിനെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു. അമേരിക്കയിലെ പുതിയ നിയമ സാഹചര്യത്തെ അടിസ്ഥാനമാക്കി ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
ട്രംപിന്റെ പുതിയ പ്രസ്താവനകള്‍ ആഗോള വ്യാപാര രംഗത്ത് വീണ്ടും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
