സുപ്രീംകോടതി അസാധുവാക്കിയ തീരുവ പിരിവ് നിർത്തിയെന്ന് അമേരിക്ക

സുപ്രീംകോടതി അസാധുവാക്കിയ തീരുവ പിരിവ് നിർത്തിയെന്ന് അമേരിക്ക


വാഷിംഗ്ടൺ: അസാധുവെന്ന് പ്രഖ്യാപിക്കപ്പെട്ട തീരുവകൾ ഇനി പിരിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന തീരുവകളുടെ പിരിവ് ഫെബ്രുവരി ഇരുപത്തിനാലിന് അർധരാത്രി മുതൽ നിർത്തിവയ്ക്കുമെന്ന് അമേരിക്കൻ അതിർത്തി-കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി. ഈ തീരുവകൾ നിയമവിരുദ്ധമാണെന്ന് അമേരിക്കൻ -സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച വിധിച്ചതിനെ തുടർന്നാണ് നടപടി.

അടിയന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ  പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ട എല്ലാ തീരുവ കോഡുകളും പ്രവർത്തനരഹിതമാക്കുമെന്ന് കപ്പൽക്കയറ്റുമതിക്കാരെ അറിയിച്ച സന്ദേശത്തിൽ,അമേരിക്കൻ കസ്റ്റംസ് അതിർത്തി സംരക്ഷണ വകുപ്പ് അറിയിച്ചു.

എന്നാൽ സുപ്രീംകോടതി വിധിക്ക് ശേഷവും ദിവസങ്ങളോളം തീരുവ പിരിവ് തുടരാൻ കാരണമെന്തെന്നതിൽ വകുപ്പ് വിശദീകരണം നൽകിയില്ല. ഇതിനകം പിരിച്ചെടുത്ത തുക ഇറക്കുമതിക്കാർക്ക് തിരികെ നൽകുമോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല.

അതേസമയം, അസാധുവാക്കിയ തീരുവകൾക്ക് പകരമായി മറ്റൊരു നിയമത്തിന്റെ അടിസ്ഥാനത്തിൽ പതിനഞ്ച് ശതമാനം ആഗോള തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുതിയ ഈ തീരുവകളെ ബാധിക്കില്ലെന്നും, ദേശീയ സുരക്ഷയും അന്യായ വ്യാപാരരീതികളും ചൂണ്ടിക്കാട്ടി ഏർപ്പെടുത്തിയ മറ്റ് തീരുവകൾ തുടരുമെന്നും കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി.

വിഷയത്തിൽ വ്യാപാര സമൂഹത്തിന് ആവശ്യമായ തുടർ നിർദേശങ്ങൾ നൽകുമെന്ന് വകുപ്പിന്റെ അറിയിപ്പിൽ പറഞ്ഞു.

സുപ്രീംകോടതി വിധിയോടെ വലിയ തുക അമേരിക്കൻ ട്രഷറി വകുപ്പ് തിരികെ നൽകേണ്ടിവരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ അടിയന്തര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുവകളിലൂടെ ദിവസേന വൻ വരുമാനമാണ് ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.