എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ ഓർമയിൽ കാനഡ; ഖാലിസ്ഥാൻ തീവ്രവാദികളുടെ പങ്ക് വീണ്ടും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജൻസി

എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ ഓർമയിൽ കാനഡ; ഖാലിസ്ഥാൻ തീവ്രവാദികളുടെ പങ്ക് വീണ്ടും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജൻസി


ന്യൂഡൽഹി : 1985ലെ എയർ ഇന്ത്യ വിമാന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 329 പേരെ അനുസ്മരിച്ച് കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ശ്രദ്ധേയമായ പ്രസ്താവന പുറത്തിറക്കി. ആക്രമണത്തിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിച്ച ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന് ഏജൻസി വീണ്ടും വ്യക്തമാക്കി.

1985 ജൂൺ 23ന് മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ഫ്‌ളൈറ്റ് 182ൽ സ്ഥാപിച്ച ബോംബ് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ യാത്രയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരോ താമസക്കാരോ ആയിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായാണ് ഈ സംഭവം കണക്കാക്കപ്പെടുന്നത്.

അതേ ദിവസം മറ്റൊരു എയർ ഇന്ത്യ വിമാനത്തെ ലക്ഷ്യമിട്ട് അയച്ച ബോംബ് ജപ്പാനിലെ ടോക്കിയോ നരിത വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ച് രണ്ട് ബാഗേജ് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തെ 'ക്രൂരമായ ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ച സിഎസ്‌ഐഎസ്, ബാബർ ഖാൽസ എന്ന ഖാലിസ്ഥാൻ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഓർമിപ്പിച്ചു. ഈ സംഭവം കാനഡയിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനരീതിയിലും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചതായി ഏജൻസി വ്യക്തമാക്കി.

കഴിഞ്ഞ നാല് പതിറ്റാണ്ടായി രാഷ്ട്രീയ, മത, ആശയപരമായ അക്രമങ്ങളിൽ നിന്ന് കാനഡക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നുവെന്നും സിഎസ്‌ഐഎസ് അറിയിച്ചു.

അടുത്തിടെ പുറത്തിറക്കിയ 2025ലെ റിപ്പോർട്ടിലും ഖാലിസ്ഥാൻ തീവ്രവാദം ഇപ്പോഴും ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് സിഎസ്‌ഐഎസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് പ്രചാരണം, ധനശേഖരണം, അക്രമപ്രവർത്തനങ്ങൾക്ക് പിന്തുണ എന്നിവയിൽ ഏർപ്പെടുന്ന ചെറിയെങ്കിലും സജീവമായ ശൃംഖലകൾ കാനഡയിൽ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

ഖാലിസ്ഥാൻ വിഷയത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് വർഷങ്ങളായി വഷളായിരുന്ന ഇന്ത്യ-കാനഡ ബന്ധത്തിൽ സമീപകാലത്ത് പുരോഗതിയുടെ സൂചനകൾ പ്രകടമായ സാഹചര്യത്തിലാണ് സിഎസ്‌ഐഎസിന്റെ പരാമർശം. 2026 ഫെബ്രുവരിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാനഡ സന്ദർശിച്ച് സുരക്ഷാ സഹകരണം, നിയമനടപടികൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു.

ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരെ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത ഈ അനുസ്മരണദിനം വീണ്ടും ഓർമിപ്പിക്കുന്നതായി കാനഡൻ നേതാക്കളും അഭിപ്രായപ്പെട്ടു.