വി.ഡി. സതീശൻ ക്ലിഫ് ഹൗസിൽ; ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം

വി.ഡി. സതീശൻ ക്ലിഫ് ഹൗസിൽ; ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം


തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെയാണ് വി.ഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം. പാലുകാച്ചല്‍ ചടങ്ങ് മാത്രമാണ് ഉണ്ടായത്. ഭാര്യയും മകളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം 38-ാം ദിവസമാണ് വി.ഡി സതീശൻ ഔദ്യോ​ഗിക വസതിയിലേക്ക് മാറിയത്. 

അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് മുഖ്യമന്ത്രി ഇന്നലെ വരെ താമസിച്ചിരുന്നത്. കന്റോണ്‍മെന്റ് ഹൗസ് വിട്ടുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.