വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്

വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്


കരാക്കസ്: വെനസ്വേലയെ വിറപ്പിച്ച ശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേർക്ക് പരിക്കേറ്റതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നതിനാലും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാലും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശങ്ക.

ബുധനാഴ്ച വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. തുടർന്ന് 30ലധികം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി അനുഭവപ്പെട്ട ഭൂചലനം കഴിഞ്ഞ നൂറിലേറെ വർഷത്തിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിക്കുമെന്നും, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 200 മില്യൺ ഡോളറിന്റെ പ്രാരംഭ ഫണ്ട് രൂപീകരിക്കുന്നതിന് അന്താരാഷ്ട്ര നാണയനിധിയുമായി (ഐഎംഎഫ്) ചർച്ച നടത്തുകയാണെന്നും ഡെൽസി റോഡ്രിഗസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും നൽകാൻ സ്വകാര്യ മേഖലയോടും അവർ അഭ്യർഥിച്ചു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ലാഗൈ്വറ സംസ്ഥാനത്താണ്. നിരവധി കെട്ടിടങ്ങൾ തകർന്ന പ്രദേശത്തെ 'ദുരന്ത മേഖല'യായി അധികൃതർ പ്രഖ്യാപിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്തിയതായി സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

സുരക്ഷിതമായ കെട്ടിടങ്ങളിലുള്ളവർ വീടുകളിൽ തന്നെ തുടരണമെന്നും ജനങ്ങൾ ശാന്തത പാലിക്കണമെന്നും റോഡ്രിഗസ് അഭ്യർഥിച്ചു. ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി രാജ്യവ്യാപക പ്രാർഥനയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഭൂചലനത്തിന്റെ ആഘാതം അതീവ ഗുരുതരമാണെന്നാണ് യു.എസ്. ജിയോളജിക്കൽ സർവേ (USGS)
 മുന്നറിയിപ്പ് നൽകുന്നത്. മരണസംഖ്യ 10,000 കടക്കാൻ 44 ശതമാനം സാധ്യതയുണ്ടെന്നും, 100,000 കടക്കാനുള്ള സാധ്യത 30 ശതമാനമാണെന്നും യുഎസ്ജിഎസ് വിലയിരുത്തി. സാമ്പത്തിക നഷ്ടം 10 ബില്യൺ ഡോളറിലേറെ ആകാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

കരീബിയൻ, ദക്ഷിണ അമേരിക്കൻ ടെക്‌ടോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ഭൂചലന സാധ്യത കൂടുതലുള്ള മേഖലയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. 1900ൽ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.