ഹോർമുസ് കടലിടുക്ക് വീണ്ടും സജീവം; എണ്ണവില യുദ്ധത്തിന് മുമ്പത്തെ നിലയിലേക്ക്

ഹോർമുസ് കടലിടുക്ക് വീണ്ടും സജീവം; എണ്ണവില യുദ്ധത്തിന് മുമ്പത്തെ നിലയിലേക്ക്


മസ്‌കത്ത്: അമേരിക്ക-ഇറാൻ ധാരണാപത്രം നിലവിൽ വന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സാധാരണ നിലയിലായതിനും പിന്നാലെ അന്താരാഷ്ട്ര എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിരക്കുകൾക്ക് സമീപമായാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില എത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 73.87 ഡോളറായി താഴ്ന്നു. അമേരിക്കൻ ക്രൂഡ് ഓയിൽ വിലയും 70.34 ഡോളറിലെത്തി. തുടർന്ന് വ്യാപാരത്തിൽ വില വീണ്ടും താഴ്ന്ന് ബ്രെന്റ് 72.90 ഡോളറിലും അമേരിക്കൻ ക്രൂഡ് 69.37 ഡോളറിലുമെത്തി.

ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം വീണ്ടും സുഗമമായതും മേഖലയിൽ സംഘർഷഭീതി കുറഞ്ഞതുമാണ് എണ്ണവില ഇടിയാൻ പ്രധാന കാരണം.

ഹോർമുസ് കടന്നുപോകാൻ ഫീസ് ഈടാക്കില്ല: ഒമാൻ

ഹോർമുസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണ സംവിധാനത്തിൽ കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ ചർച്ചകൾക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ ഒമാൻ പിന്തുണയ്ക്കുന്നുവെന്നും കടലിടുക്കിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽഗതാഗതം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ജലപാതകൾ ഒരു രാജ്യത്തിന്റെയും സ്വകാര്യ സ്വത്തല്ല: റൂബിയോ

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഫീസ് ഈടാക്കണമെന്ന ആശയം അമേരിക്ക തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര ജലപാതകൾ ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ളതല്ലെന്നും ഇത്തരമൊരു മാതൃക അംഗീകരിച്ചാൽ അത് ലോകമെമ്പാടും വ്യാപിക്കുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

പെട്രോൾ വില കുറയാൻ സമയമെടുക്കും

എണ്ണവില കുറഞ്ഞെങ്കിലും ഉപഭോക്താക്കൾക്ക് അതിന്റെ നേട്ടം ഉടൻ ലഭിക്കില്ലെന്ന് അമേരിക്കൻ എണ്ണക്കമ്പനിയായ ഷെവ്രോണിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഐമിയർ ബോണർ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് പെട്രോൾ പമ്പുകളിലെ നിരക്കിൽ പ്രതിഫലിക്കാൻ കുറച്ച് സമയം വേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, പെട്രോൾ വില കുറയ്ക്കാത്തതിന് പ്രമുഖ എണ്ണക്കമ്പനികളെ വിമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഉപഭോക്താക്കളിൽ നിന്ന് അമിതലാഭം കൊയ്യുകയാണോ എന്ന് പരിശോധിക്കാൻ അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്.