മൊഹാലി: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന ആരോപിക്കപ്പെട്ട സിമ്രാന്‍ പ്രീത് പനേസന്റിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തി. എയര്‍ കാനഡയുടെ മുന്‍ മാനേജരാണ് സിമ്രാന്‍.
2023 ഏപ്രിലിലാണ് സ്വര്‍ണ്ണ കവര്‍ച്ച നടന്നത്. തുടര്‍ന്ന് കാനഡ സിമ്രാനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബിലെ മൊഹാലിയിലെ സെക്ടര്‍ 79ലെ സിമ്രാന്‍ പ്രീത് പനേസറിന്റെ വസതിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇ ഡി സംഘമെത്തിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ ഇ ഡി ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറമുള്ള ഒരു കുറ്റകൃത്യം അന്വേഷിക്കുന്ന അപൂര്‍വ സാഹചര്യമാണ് പുതിയ കേസിലുണ്ടായിരിക്കുന്നത്. അതോടൊപ്പം കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവും ആരംഭിച്ചു.
സ്വര്‍ണ്ണമോ അതില്‍ നിന്നുള്ള വരുമാനമോ രാജ്യത്തേക്ക് എത്തിയോ എന്ന് അന്വേഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023 ഏപ്രില്‍ 17ന് ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത സംഭരണശാലയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കട്ടികളുള്ള എയര്‍ കാര്‍ഗോ കണ്ടെയ്നറാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ 400 കിലോഗ്രാം ഭാരമുള്ള .9999 ശുദ്ധമായ സ്വര്‍ണ്ണത്തിന്റെ 6,600 ബാറുകളും 20 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന 2.5 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന വിദേശ കറന്‍സിയും ഉണ്ടായിരുന്നു. സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചില്‍ നിന്നുള്ള എയര്‍ കാനഡ വിമാനത്തിലാണ് സ്വര്‍ണ്ണവും കറന്‍സിയും എത്തിയത്. ഒരു ബാങ്കിലേക്ക് കൊണ്ടുപോകാനാണ് ഇവ എത്തിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ചരക്ക് ഓഫ്ലോഡ് ചെയ്ത് വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്തേക്ക് കൊണ്ടുപോയെങ്കിലും ഒരു ദിവസത്തിനുശേഷം അത് 'കാണാതായി' എന്ന് പോലീസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.
'കാനഡയിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ കൊള്ള'മെന്ന് വിശേഷിപ്പിച്ച പീല്‍ റീജിയണല്‍ പോലീസ് 2024 ഏപ്രിലില്‍ സിമ്രാന്‍ പ്രീത് പനേസര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പനേസറും മറ്റൊരു പ്രതിയായ പരമ്പാല്‍ സിദ്ധുവും ബ്രാംപ്ടണിലാണ് താമസിച്ചിരുന്നത്. ടൊറന്റോ പിയേഴ്‌സണിന്റെ വെയര്‍ഹൗസുമായി ബന്ധപ്പെട്ടാണഅ ജോലി ചെയ്തിരുന്നത്.
കനേഡിയന്‍ അധികാരികള്‍ക്ക് ഇതുവരെ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മോഷ്ടിച്ച കാര്‍ഗോയില്‍ നിന്ന് 90,000 കറന്‍സി ഡോളര്‍ മാത്രമേ പീല്‍ റിജിയന്‍ പൊലീസ് കണ്ടെടുത്തിട്ടുള്ളൂ.
