ഒട്ടാവ: പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്കിടെ തടങ്കലില്‍ വയ്ക്കപ്പെടുമെന്ന് ഭയന്ന് അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത കൊളംബിയ സര്‍വകലാശാല ബിരുദ വിദ്യാര്‍ത്ഥിനി, തനിക്കെതിരെ അമേരിക്കന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി രംഗത്ത്.
താന്‍ ഹമാസിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന യുഎസ് അധികൃതരുടെ ആരോപണങ്ങളാണ് രഞ്ജനി നിഷേധിച്ചത്.
എനിക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും അതിന്റെ സെക്രട്ടറിയും ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമാണ്. 'ഞാന്‍ ഒരു 'ഭീകര അനുഭാവി' അല്ല, ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും യുഎസില്‍ നിന്ന് കാനഡയിലെത്തിയ രഞ്ജനി ശ്രീനിവാസന്‍ സിബിസി ന്യൂസിനോട് പറഞ്ഞു. സുരക്ഷയെക്കുറിച്ച് ഭയമുള്ളതിനാലാണ് താന്‍ യുഎസ് വിട്ടത്. കാനഡയില്‍ഇപ്പോള്‍ ഉള്ള സ്ഥലം വെളിപ്പെടുത്തരുതെന്നും രഞ്ജനി സിബിസി ന്യൂസിനോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വസന്തകാലത്ത് പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ കൊളംബിയ സര്‍വകലാശാലയിലെ ഒരു കെട്ടിടംകൈയ്യേറി അതില്‍തമ്പടിച്ച് പ്രക്ഷോഭം നടത്തുകയും കെട്ടിടം ഒഴിപ്പിക്കാന്‍ പോലീസ് എത്തുകയും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്ത വലിയ പ്രതിഷേധത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല എന്നാണ് രഞ്ജനി പറയുന്നത്.
യുഎസ് കോളേജ് കാമ്പസുകളില്‍ നടന്ന നിരവധി പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ ഒറ്റപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് രഞ്ജനി അറസ്റ്റ് ഭയന്ന് യുഎസില്‍ നിന്ന് സ്വയം നാടുകടന്നത്.
ജനുവരിയില്‍, അത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാരല്ലാത്ത ചില കോളേജ് വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.
'തടങ്കലില്‍ വയ്ക്കപ്പെടുമെന്ന് താന്‍ വളരെയധികം ഭയപ്പെട്ടിരുന്നുവെന്ന് രഞ്ജനി ശ്രീനിവാസന്‍ പറഞ്ഞു, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ചില സഹ വിദ്യാര്‍ത്ഥികളെ തടങ്കലില്‍ വച്ചതാണ് തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പെട്ടെന്നുള്ള സംഭവങ്ങള്‍
അടുത്ത കാലം വരെ, ശ്രീനിവാസന്‍ ന്യൂയോര്‍ക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നഗരാസൂത്രണവിഷയത്തിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായിരുന്നു.
പഠനം തുടരുന്നതിനും വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ ഗ്രേഡ് ചെയ്യുന്നതിനും ഇടയില്‍, താന്‍ 'അപൂര്‍വ്വമായി മാത്രമേ ഓഫീസ് വിട്ടിരുന്നുള്ളൂ എന്ന് രഞ്ജനി ശ്രീനിവാസന്‍ പറയുന്നു.
തന്റെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കപ്പെടുന്നുണ്ടെന്നും, തന്നെ തടങ്കലില്‍ വയ്ക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ തന്നെ തേടി വരുന്നുണ്ടെന്നും അവള്‍ മനസ്സിലാക്കി.
ഇതെതുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് കാനഡയിലേക്കുള്ള വിമാനത്തില്‍ രാജ്യം വിടാന്‍ അവള്‍ തീരുമാനിച്ചത്.
'ഇത് അല്‍പ്പം അവിശ്വസനീയമായി തോന്നുന്നുവെന്നും നടന്ന സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണെന്നും രഞ്ജനി പറയുന്നു.
