ടൊറന്റോ: അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍, ഭരണപരമായ വീഴ്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ക്രിക്കറ്റ് കാനഡയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) സസ്‌പെന്‍ഡ് ചെയ്തു.
ഞായറാഴ്ച ഇന്ത്യയിലെ അഹമ്മദാബാദില്‍ ചേര്‍ന്ന ഐ സി സി ബോര്‍ഡ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഘടനയുടെ അംഗത്വ ബാധ്യതകളില്‍ 'ഗുരുതരമായ ലംഘനങ്ങള്‍' കണ്ടെത്തിയതായി ഐ സി സി അറിയിച്ചത്.
മെയ് മാസത്തില്‍ തന്നെ ക്രിക്കറ്റ് കാനഡയ്ക്കുള്ള ധനസഹായം ഐ സി സി മരവിപ്പിക്കുകയും സംഘടനയിലെ ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. മതിയായ ഭരണസംവിധാനങ്ങളുടെ അഭാവവും ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതുമാണ് അന്ന് ഐ സി സി ചൂണ്ടിക്കാട്ടിയ പ്രധാന വീഴ്ചകള്‍.
ക്രിക്കറ്റ് കാനഡയുടെ പ്രധാന ധനസ്രോതസ്സാണ് ഐ സി സി. 2024-ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, സംഘടനയുടെ ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 63 ശതമാനമായ 3.6 ദശലക്ഷം ഡോളറിലേറെയാണ് ഐ സി സിയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ സാമ്പത്തിക റിപ്പോര്‍ട്ടിന് ഓഡിറ്ററുടെ അംഗീകാരം ലഭിച്ചിരുന്നില്ല.
ഏപ്രിലില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രിക്കറ്റ് കാനഡയിലെ പ്രമുഖര്‍ക്കെതിരെ അഴിമതി, സാമ്പത്തിക ക്രമക്കേട്, മത്സരഫലം സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണ വിധേയര്‍ ഇവ നിഷേധിച്ചിട്ടുണ്ട്.
കൂടാതെ, ഇന്ത്യയില്‍ നടന്ന പുരുഷ ട്വന്റി 20 ലോകകപ്പിനിടെ ന്യൂസിലന്‍ഡിനെതിരായ മത്സരവുമായി ബന്ധപ്പെട്ട ഒത്തുകളി ആരോപണത്തില്‍ കാനഡ ദേശീയ ടീമിന്റെ നായകന്‍ ദില്‍പ്രീത് ബജ്വക്കെതിരെ ഐ സി സിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കാനഡയുടെ ദേശീയ ടീമുകള്‍ക്ക് ഐ സി സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുമെന്ന് ഐ സി സി അറിയിച്ചു. എന്നാല്‍ ഈ പരിപാടികള്‍ക്കുള്ള ധനസഹായം ഐ സി സിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ലഭ്യമാക്കുക.
അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഭരണപരവും അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള നിരവധി നിബന്ധനകള്‍ ക്രിക്കറ്റ് കാനഡ പാലിക്കേണ്ടതുണ്ടെന്നും ഐ സി സി വ്യക്തമാക്കി.
