ടെഹ്രാൻ: ലെബനനിൽ ഇസ്രയേൽ സൈനിക നടപടി വ്യാപിപ്പിച്ചതിനെ തുടർന്ന് അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി ഇറാൻ അറിയിച്ചു. ലെബനനിലെ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും അതിനെതിരെ മറ്റ് മേഖലകളിലും പ്രതികരണ നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ലെബനൻ വിഷയവും വെടിനിർത്തൽ ധാരണയുടെ പ്രധാന ഭാഗമായിരുന്നുവെന്നും ഇപ്പോൾ ആ ധാരണ എല്ലാ മേഖലകളിലും ലംഘിക്കപ്പെട്ട സാഹചര്യത്തിൽ മധ്യസ്ഥർ വഴിയുള്ള ചർച്ചകളും ആശയവിനിമയവും താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും നേരത്തെ സമാന നിലപാട് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്നും ലെബനനിലുണ്ടാകുന്ന ഏത് ലംഘനവും സമഗ്ര വെടിനിർത്തൽ കരാർ ലംഘിച്ചതായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ലെബനനിൽ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനനിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. ഇതേ വിഷയത്തിൽ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
ലെബനനെ പിന്തുണയ്ക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. ഇസ്രയേലിന്റെ നടപടികളെ നിയമവിരുദ്ധ ആക്രമണമായാണ് ഇറാൻ വിശേഷിപ്പിച്ചത്.
ഏപ്രിൽ 8 മുതൽ ഇറാൻ, അമേരിക്ക, ഇസ്രയേൽ എന്നിവർക്കിടയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ലെബനനിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിൽ കൂടുതൽ വ്യാപകമായ സംഘർഷ സാധ്യതകൾ ഉയർത്തുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ലെബനനിലെ ഇസ്രയേൽ ആക്രമണം: അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ നിർത്തിവച്ച് ഇറാൻ
