സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധന പീഡനക്കേസ്

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധന പീഡനക്കേസ്


ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 24 വയസുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ മാൻസി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടമ്പോഴാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധന പീഡനവും കൊലപാതകവും ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു.

2024ലാണ് ലഖ്‌നൗവിലെ സാദത്ഗഞ്ച് സ്വദേശിയായ സാഗർ രാജ്പുത്തുമായി മാൻസിയുടെ വിവാഹം നടന്നത്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും വിവിധ ഗൃഹോപകരണങ്ങളും വരന്റെ കുടുംബത്തിന് നൽകിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കി.

വിവാഹശേഷം കാർ ആവശ്യപ്പെട്ട് ഭർത്താവും കുടുംബാംഗങ്ങളും നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് മാൻസിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വിവാഹം കഴിഞ്ഞതുമുതൽ മതിയായ സ്ത്രീധനം കൊണ്ടുവന്നില്ലെന്ന പേരിൽ മാൻസി നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും പലതവണ മർദനത്തിനിരയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മകളുടെ പരാതിയെ തുടർന്ന് ഒത്തുതീർപ്പിനായി നിരവധി തവണ ലഖ്‌നൗവിലെത്തി സംസാരിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

മാൻസിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സാഗർ രാജ്പുത്ത്, അമ്മാവൻ രാജേഷ്, സഹോദരൻ അനു, സഹോദരിമാരായ ബർഖ, ചാന്ദ്‌നി, ബന്ധുവായ ആശ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.