ഇറാനില്‍ നിന്ന് രക്ഷപ്പെട്ട അഭയാര്‍ഥികള്‍ക്ക് തിരിച്ചടി; കാനഡയുടെ പുതിയ നിയമം ആയിരങ്ങളെ അനിശ്ചിതത്വത്തിലാക്കി

ഇറാനില്‍ നിന്ന് രക്ഷപ്പെട്ട അഭയാര്‍ഥികള്‍ക്ക് തിരിച്ചടി; കാനഡയുടെ പുതിയ നിയമം ആയിരങ്ങളെ അനിശ്ചിതത്വത്തിലാക്കി


ടൊറന്റോ: വര്‍ഷങ്ങളായുള്ള ഭയവും രാഷ്ട്രീയ അടിച്ചമര്‍ത്തലും മറികടന്ന് ഇറാനില്‍ നിന്ന് കാനഡയിലേക്ക് അഭയം തേടിയെത്തിയ നിരവധി പേര്‍ പുതിയ ഫെഡറല്‍ അഭയനിയമത്തിന്റെ പേരില്‍ അനിശ്ചിതത്വത്തിലായതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിലധികം മുമ്പ് കാനഡയില്‍ എത്തിയവര്‍ക്ക് പിന്നീട് അഭയാര്‍ഥി അപേക്ഷ സമര്‍പ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തുന്ന പുതിയ നിയമമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

ഇറാനിയന്‍ വംശജനായ 'ഷെയ്ദ' (യഥാര്‍ഥ പേരല്ല) എന്ന സ്ത്രീയുടെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം പിതാവ് തെഹ്‌റാനിലെ എവിന്‍ ജയിലില്‍ 16 മാസം തടവില്‍ കഴിയുകയും പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. രാഷ്ട്രീയ പ്രതിപക്ഷവുമായി ബന്ധമുണ്ടായിരുന്ന ബന്ധുക്കളില്‍ ചിലര്‍ പിന്നീട് വധിക്കപ്പെടുകയും ചെയ്തു. സഹോദരങ്ങള്‍ കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയെങ്കിലും ഷെയ്ദ ഇറാനില്‍ തന്നെ തുടര്‍ന്നു.

പരസ്യരംഗത്ത് ജോലി ചെയ്തിരുന്ന ഷെയ്ദ 2022-ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. ഹിജാബ് നിയമലംഘനമെന്നാരോപിച്ച് അവരുടെ വാഹനം മൂന്ന് തവണ പിടിച്ചെടുത്തതായും ഒരിക്കല്‍ സദാചാര പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.

2023-ല്‍ സഹോദരനെ സന്ദര്‍ശിക്കാന്‍ കാനഡയിലെത്തിയ അവര്‍ പിന്നീട് ഇറാനിലേക്ക് മടങ്ങി. എന്നാല്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായതോടെ 2025-ല്‍ വീണ്ടും കാനഡയിലെത്തി അഭയാര്‍ഥി പദവിക്കായി അപേക്ഷ നല്‍കി. കേസ് വേഗത്തില്‍ പരിഗണിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് മാര്‍ച്ചില്‍ പാസാക്കിയ ബില്‍ സി-12 നിയമം തിരിച്ചടിയായത്. കാനഡയില്‍ ആദ്യമായി എത്തിയതിന് ശേഷം ഒരു വര്‍ഷത്തിലധികം കഴിഞ്ഞ് സമര്‍പ്പിക്കുന്ന അഭയാര്‍ഥി അപേക്ഷകള്‍ അയോഗ്യമാക്കുന്നതാണ് പുതിയ വ്യവസ്ഥ. 2023-ല്‍ കാനഡ സന്ദര്‍ശിച്ചിരുന്നതിനാല്‍ ഷെയ്ദയുടെ അപേക്ഷയും നിയമപ്രകാരം അയോഗ്യമാകാന്‍ സാധ്യതയുണ്ട്.

അഭയാര്‍ഥി കേസുകളുടെ കുത്തനെ വര്‍ധിച്ച ബാക്ക്ലോഗ് കുറയ്ക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് കാനഡ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏകദേശം മൂന്ന് ലക്ഷം കേസുകളാണ് തീര്‍പ്പാക്കാനുള്ളത്.

എന്നാല്‍ അഭയാര്‍ഥി അവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും നിയമം ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ പോലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് കാനഡ നാടുകടത്തല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളതിനാല്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചുപോകാനും കഴിയില്ല, അഭയാര്‍ഥി പദവി നേടാനും കഴിയാത്ത അവസ്ഥയാണ്.

മോണ്‍ട്രിയലില്‍ താമസിക്കുന്ന മറ്റൊരു ഇറാനിയന്‍ സ്ത്രീയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. മകളെ സുരക്ഷിതമായി കാനഡയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അഭയാര്‍ഥി അപേക്ഷ വൈകിപ്പോയതാണ് അവര്‍ക്കും തിരിച്ചടിയായത്. സ്‌കൂളില്‍ ഉണ്ടായതായി കരുതുന്ന രാസാക്രമണത്തെ തുടര്‍ന്ന് മകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് സദാചാര പൊലീസിന്റെ നടപടികള്‍ അനുഭവിക്കേണ്ടിവന്നതായും അവര്‍ പറയുന്നു.

ഇപ്പോള്‍ ഇവര്‍ക്ക് ശേഷിക്കുന്ന ഏക മാര്‍ഗം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്ഥിരതാമസത്തിന് അപേക്ഷ നല്‍കുക മാത്രമാണ്. എന്നാല്‍ അതിന് ഒരു ദശാബ്ദത്തിലേറെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അഭയാര്‍ഥി അഭിഭാഷകരുടെ സംഘടനകള്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒറ്റയ്ക്കുള്ള കുട്ടികള്‍ക്ക് അടുത്തിടെ സര്‍ക്കാര്‍ ഇളവ് അനുവദിച്ചെങ്കിലും കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു.

അതേസമയം, കാനഡയില്‍ എത്തിയശേഷം ആദ്യമായി സുരക്ഷിതത്വബോധം അനുഭവിച്ചുവെന്ന് ഷെയ്ദ പറയുന്നു. സഹോദരന്റെ മക്കളെ നോക്കുക, പള്ളിയില്‍ സന്നദ്ധസേവനത്തിന് ചേരുക, ഇംഗ്ലീഷ് പഠിക്കുക തുടങ്ങിയ പുതിയ ജീവിതസ്വപ്‌നങ്ങള്‍ അനിശ്ചിതത്വത്തിലായതിന്റെ ആശങ്കയിലാണ് അവര്‍.